തൃശൂര്‍: ഗുരുവായൂരില്‍ വിവാഹത്തിന് ശേഷം കാമുകനൊപ്പം പോയ പെണ്‍കുട്ടിയുടെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയെ തേപ്പുകാരിയായി ചിത്രീകരിക്കുന്ന അനേകം പോസ്റ്റുകളാണ് ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനെക്കുറിച്ച് പറയുകയാണ് പെണ്‍കുട്ടിയുമായി അടുപ്പമുള്ളവര്‍.

വിവാഹത്തിന് മുമ്പ് തന്നെ പെണ്‍കുട്ടി വീട്ടുകാരെ പ്രണയബന്ധം അറിയിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന ചെറുക്കനേയും ഇത് അറിയിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ക്കുകയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ബന്ധത്തെക്കുറിച്ച് വരനോടും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ വരനും കാര്യങ്ങള്‍ മനസ്സിലാക്കിയില്ല. നീ പഴയകാര്യം മറന്നേക്കെന്നായിരുന്നു വരന്റെ ഭാഗമെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ കുഴയുന്നത്. താലികെട്ടിനുശേഷം മണ്ഡപത്തിലെത്തിയ കാമുകനൊത്ത് പെണ്‍കുട്ടി പോകുകയായിരുന്നു. വരന്റെ ചെവിയില്‍ കാര്യം പറഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു വരന്‍ പെണ്‍കുട്ടിയോട് ദേഷ്യപ്പെട്ടത്. പിന്നീട് ചിത്രങ്ങളുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ഗുരുവായൂരില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു വിവാഹം. കാമുകനൊപ്പം പെണ്‍കുട്ടി ഇറങ്ങിപ്പോയതോടെ ബന്ധുക്കള്‍ തമ്മില്‍ അടിപിടിയായെന്നായിരുന്നു വാര്‍ത്ത. പെണ്‍കുട്ടിയുടെ ചിത്രവുമുള്‍പ്പെടെ സാമൂഹികമാധ്യമങ്ങളും പരിഹാസവും അധിക്ഷേപവുമായി രംഗത്തെത്തി. പിറകെ വധുവില്ലാതെ റിസപ്ഷന്‍ ആഘോഷിക്കുന്ന വരനും ആഘോഷങ്ങളായി. ‘തേപ്പുകാരി’ പെണ്‍കുട്ടി തലയില്‍ നിന്ന് പോയതിന്റെ ആഘോഷങ്ങളാണെന്നായിരുന്നു തലക്കെട്ട് വാചകങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ അതിരുവിട്ടപ്പോഴാണ് സംഭവത്തില്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തുന്നത്. നഷ്ടപരിഹാരമായി എട്ടുലക്ഷം രൂപ വരന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.