ഗുരുവായൂര്‍: ഗുരുവായൂരില്‍ താലികെട്ടിന് ശേഷം വിവാഹം മുടങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി സ്ഥലം എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദര്‍. പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങിയതിന് കാരണം ഇരുകുടുംബങ്ങളും തമ്മിലുള്ള വഴക്കാണെന്ന് അദ്ദേഹം പറഞ്ഞു. താലികെട്ടിന് ശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് പ്രചരിക്കുന്നതിനിടെയാണ് എം.എല്‍.എയുടെ വിശദീകരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരുകുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടെന്ന് വെച്ചതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹം മുടങ്ങിയത് പെണ്‍കുട്ടി കാമുകനൊപ്പം പോയതുകൊണ്ടാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പരന്നതോടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ചും പരിഹസിച്ചും പോസ്റ്റുകള്‍ പ്രചരിച്ചു. ഈ സമയത്ത് വിശദീകരണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കളും കാമുകനെന്ന് പറയപ്പെടുന്ന ആണ്‍കുട്ടിയും രംഗത്തെത്തിയിരുന്നു. എന്നിട്ടും ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ നടക്കുന്നതിനിടെയാണ് സ്ഥലം എം.എല്‍.എ വിവാദ വിവാഹത്തില്‍ വിശദീകരണം നല്‍കുന്നത്.