കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 622 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പുജാരയുടെയും (133) അജിങ്ക്യ രഹാനെയുടെയും (132) സെഞ്ച്വറികള്‍ക്കു പിന്നാലെ രവിചന്ദ്രന്‍ അശ്വിനും (54) വൃദ്ധിമന്‍ സാഹയും (67) രവീന്ദ്ര ജഡേജയും (70 നോട്ടൗട്ട്) അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയതാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ശ്രീലങ്ക മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്.

മൂന്നിന് 344 എന്ന ശക്തമായ നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത് പുജാരയുടെ വിക്കറ്റാണ്. തലേന്നത്തെ സ്‌കോറിനോട് അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത പുജാര കരുണരത്‌നെയുടെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആയി മടങ്ങി. മോണിങ് സെഷനിലെ രണ്ടാമത്തെ ഓവറില്‍ അംപയറുടെ തീരുമാനം ചോദ്യം ചെയ്താണ് ശ്രീലങ്ക വിക്കറ്റ് സമ്പാദിച്ചത്.

തുടര്‍ന്നെത്തിയ അശ്വിന്‍ (54) രഹാനെക്കൊപ്പം 63 റണ്‍സ് പാര്‍ടര്‍ഷിപ്പില്‍ പങ്കാളിയായി. അതിനിടെ പുഷ്പകുമാരെയെ ക്രീസിനു വെളിയിലിറങ്ങി പ്രഹരിക്കാന്‍ ശ്രമിച്ച രഹാനെ (132) യെ ഡിക്ക്‌വെല്ല സ്റ്റംപ് ചെയ്തു. ഹര്‍ദിക് പാണ്ഡ്യ (20) അധികനേരം ക്രീസില്‍ നില്‍ക്കാതെ മാത്യൂസിന് ക്യാച്ച് നല്‍കിയ മടങ്ങിയപ്പോള്‍ സാഹയും ജഡേജയും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 500 കടത്തി.

ഹെറാത്തിന്റെ പന്തില്‍ സാഹ പുറത്തായതിനു ശേഷം ജഡേജ സ്‌കോറിങ് വേഗം കൂട്ടി. മുഹമ്മദ് ഷമി 19 റണ്‍സെടുത്തു പുറത്തായി. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ ജഡേജക്കൊപ്പം ഉമേഷ് യാദവ് (8) ആയിരുന്നു ക്രീസില്‍.