X

ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ: സ്‌റ്റേ തുടരും, കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ നാളെത്തേക്ക് കൂടി സ്‌റ്റേ ചെയ്തു. അലഹാബാദ് ഹൈക്കോടതിയുടേതാണ് നടപടി. നാളെ വൈകുന്നേരം 3:30 ന് കേസ് വീണ്ടും പരിഗണിക്കും. പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥനോട് നാളെ കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

നാളെ വൈകുന്നേരം 3:30ന് കേസില്‍ വാദം തുടരും. വാദം പൂര്‍ത്തിയായ ശേഷമായിരിക്കും അന്തിമ തീരുമാനം. സര്‍വേയുടെ ഭാഗമായി ചെയ്യാന്‍ പോകുന്ന കാര്യങ്ങളില്‍ തൃപ്തനല്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാക്കര്‍ പറഞ്ഞു. സര്‍വ്വേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, സര്‍വേ ഉദ്യോഗസ്ഥനോട് കോടതി ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയിരുന്നു. സര്‍വ്വേയുടെ ഭാഗമായി നടത്തുന്ന ഖനനം പള്ളിക്ക് കേടുപാട് ഉണ്ടാക്കുമെന്ന് മസ്ജിദ് കമ്മറ്റി വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

ഗ്യാന്‍വാപി മസ്ജിദില്‍ ഇന്ന് വൈകിട്ട് അഞ്ചുമണി വരെ സര്‍വേ നടപടികള്‍ നിര്‍ത്തിക്കാനായിരുന്നു സുപ്രിംകോടതി നിര്‍ദേശം. മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സര്‍വേ സ്‌റ്റേ ചെയ്തത്. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി ഇടപെടല്‍.

വാരണാസി കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇന്ന് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ ആരംഭിച്ചത്. നാല് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഉത്തരവ് പരിഗണിച്ചാണ് കോടതി സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്. ശിവലിംഗം കണ്ടെത്തിയ വുദുഖാന ഒഴിവാക്കി സര്‍വേ നടത്താനായിരുന്നു നീക്കം. മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലാണോ എന്ന് കണ്ടെത്താനാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചത്.

 

webdesk13: