ന്യൂഡല്‍ഹി:ഹജ്ജ്എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്കു മാറ്റുന്ന കാര്യത്തില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇക്കാര്യമാവശ്യപ്പെട്ട് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.
റണ്‍വേ നവീകരണ ജോലികളെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ്ജ് സര്‍വീസുകള്‍ അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരിലേക്ക് മാറ്റാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പി, വി.കെ ഇബ്രാഹീം കുഞ്ഞ് എം. എല്‍.എ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖറോളയുമായും സംഘം ചര്‍ച്ച നടത്തി.
റണ്‍വേ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതോടെ പുനരാരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഡി.ജി.സിഎയുടെ അനുമതി അടക്കം ലഭിച്ചിട്ടും എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി വൈകുന്നതിനാലാണ് എയര്‍ ഇന്ത്യ സി. എം. ഡിയെ കണ്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട്ട് നിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് എയര്‍ ഇന്ത്യ പുനരാരംഭിക്കണമെന്നാണ് എം.പിമാര്‍ ഉള്‍പ്പെടെയുള്ള സംഘം ആവശ്യപ്പെട്ടത്.
അനുകൂലമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇതേ സംഘം വ്യോമയാന വകുപ്പ് സെക്രട്ടറി രാജീവ് നയാന്‍ ചൗബേയുമായി ചര്‍ച്ച നടത്തിയിരുന്നു.