ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ ബജറ്റിലെ അമേരിക്കയുടെ സംഭാവന വെട്ടിച്ചുരുക്കുമെന്ന ഭീഷണിയുമായി അമേരിക്ക. യു.എസ് അംബാസിഡര്‍ നിക്കി ഹാലെയാണ് ഭീക്ഷണിയുമായി രംഗത്തെത്തിയത്.
യു.എന്‍ റെഗുലര്‍ ബജറ്റിന്റെ 25 ശതമാനവും യുഎസിന്റെ സംഭാവനയാണെന്നും വരും വര്‍ഷം ഇതില്‍ കാര്യമായ കുറവ് വരുത്തുമെന്ന ഭീക്ഷണിയുമായി കഴിഞ്ഞ ഞായറാഴ്ചയാണ് നിക്കി രംഗത്തെത്തിയത്. ഇസ്രയേല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രഖ്യാപനത്തിനെതിരെ ഐക്യരാഷ്ട്ര സഭയുടെ പൊതു സഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നടപടി.

ഐക്യരാഷ്ട്ര സംഘടന ബജറ്റില്‍ നിന്നും 2016-17 വര്‍ഷത്തെ അനുബന്ധിച്ച് 2018-19 വര്‍ഷത്തില്‍ ഏകദേശം 285 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 1827കോടി രൂപ) വെട്ടിച്ചുരുക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. പ്രസിഡന്റ് ട്രംപിന്റെ ഫണ്ടില്‍ നിന്നാണ് തുക വെട്ടിക്കുറക്കുന്നത്. അതേസമയം 5.4 ബില്യണ്‍ ഡോളറിന്റെ ഓപ്പറേറ്റിംഗ് ബജറ്റ് മാത്രമാണ് 2018-19 വര്‍ഷത്തേയ്ക്കായി യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചത്. ഇത് നിലവില്‍ മറ്റു രാഷ്ട്രങ്ങള്‍ നല്‍കുന്നതിനെക്കാളും വലിയ തുകയാണെന്നും നിക്കി പറഞ്ഞു.

അമിത ചിലവും കാര്യക്ഷമതയില്ലായുമാണ് യുഎന്‍ നടത്തുന്നത് നിക്കി ഹാലെ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കന്‍ ജനതയുടെ മഹാമനസ്‌കതയേയും ഔദാര്യത്തേയും ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടും നിക്കി വ്യക്തമാക്കിയിരുന്നു. ജറുസലം വിഷയത്തില്‍ അമേരിക്കക്കെതിരായ യുഎന്‍ വോട്ടിലെ അതൃപ്തിയാണ് നിക്കി ഹാലി പ്രകടിപ്പിച്ചത്.