ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം പ്രവാസികള്‍ക്ക് സൗജന്യമാക്കുന്നു. നിലവില്‍ ഇ-ഗേറ്റ് സേവനം ഖത്തരികള്‍ക്ക് സൗജന്യമായി ലഭ്യമാണ്. ഉടന്‍തന്നെ പ്രവാസികള്‍ ഉള്‍പ്പടെ എല്ലാ യാത്രികര്‍ക്കും ഇ- ഗേറ്റ് സേവനം സൗജന്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്‌റുഇ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ, ഖത്തര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡുള്ള പ്രവാസികള്‍ക്ക് സൗജന്യമായി ഈ-ഗേറ്റ് സംവിധാനം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു. നിരവധിപേരാണ് ഇത്തരത്തില്‍ ഇ-ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.
ഇ-ഗേറ്റ് സേവനം വിപുലീകരിക്കുന്നതിലൂടെ യാത്രികര്‍ക്ക് സമയനഷ്ടം കുറയ്ക്കാനും എമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും സാധിക്കും. പ്രവാസികള്‍ക്ക് ഇ ഗേറ്റ് സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചേ ഇ-ഗേറ്റിലൂടെ പുറത്തിറങ്ങാനാകു. നിലവില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ട്. എന്നാല്‍ ഇ-ഗേറ്റിലൂടെ വേഗത്തില്‍ പുറത്തിറങ്ങാനാകും. ഇ -ഗേറ്റ് സേവനത്തിലൂടെ ചെക്ക് ഇന്‍ ചെക്ക് ഔട്ട് നടപടികള്‍ 16 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിമാനത്താവളത്തില്‍ ഇ-ഗേറ്റ് സംവിധാനം തുടങ്ങിയത്. 60,000ത്തോളം പേര്‍ ഇതുവരെ ഈ സേവനം പ്രയോജനപ്പെടുത്തി. ഇ-ഗേറ്റിലെത്തുന്ന യാത്രക്കാരന്‍ തന്റെ ഇ-ഗേറ്റ് കാര്‍ഡ് അവിടെയൊരുക്കിയ സംവിധാനത്തില്‍ പഞ്ച് ചെയ്യണം. ഇലക്ട്രോണിക് സ്‌കാനറില്‍ ചൂണ്ടുവിരല്‍ പ്രസ്സ് ചെയ്യണം. ഉടന്‍ ഇഗേറ്റിനുള്ളില്‍ പ്രവേശിക്കാനാകും. ഇഗേറ്റിനുള്ളിലെ ക്യാമറയില്‍ മുഖം പതിപ്പിക്കുന്നതോടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. പരമാവധി ഒരു മിനിറ്റ് സമയം മാത്രം ഇതിന് മതിയാകും. ഇഗേറ്റ് കാര്‍ഡിനായി രേഖാമൂലമുള്ള അപേക്ഷകള്‍ നല്‍കേണ്ടതില്ല. 16ന് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇഗേറ്റ് സേവനം. ആഭ്യന്തരമന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകള്‍ മുഖനെ ഇ-ഗേറ്റ് സേവനത്തിന്റെ ഭാഗമാകാം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇഗേറ്റ് ഉപയോഗിക്കണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്. നിലവില്‍ കാര്‍ഡിന്റെ കാലാവധിക്കനുസരിച്ചാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് നൂറ് റിയാലും രണ്ട് വര്‍ഷത്തേക്ക് 150 റിയാലും മൂന്ന് വര്‍ഷത്തേക്ക് 200 റിയാലുമാണ് ഫീസ് ഈടാക്കുന്നത്. നിലവില്‍ 48 പാസ്‌പോര്‍ട്ട് കൗണ്ടറുകളും പത്ത് ഇഗേറ്റുകളുമുണ്ട്. വിമാനങ്ങള്‍ മിക്കതും ഒരേ സമയം ലാന്‍ഡ് ചെയ്യുന്നതുകൊണ്ടാണ് പലപ്പോഴും കൗണ്ടറുകളില്‍ നീണ്ട ക്യൂ അനുഭവപ്പെടുന്നത്.

അറൈവല്‍ കൗണ്ടറുകളില്‍ പരമാവധി 20 മിനിട്ടാണ് ഇമിഗ്രേഷന്‍ നടപടികള്‍ക്കായി വേണ്ടത്. വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് കൗണ്ടറുകളിലെ കാലതാമസം കുറക്കുന്നതിനുള്ള നടപടികളെടുക്കുന്നുണ്ട്. രാജ്യത്തേക്കുള്ള പ്രവേശനവും പുറത്തുപോകലും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ചുവടുപിടിച്ചാണ് പുതിയ നടപടികള്‍ സ്വീകരിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാവരുടേയും വിരലടയാള പരിശോധന വിമാനത്താവളത്തില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനവും ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഏതൊരു വ്യക്തിയുടെയും പശ്ചാത്തലം നിമിഷങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ക്ക് അറിയാന്‍ കഴിയും. ഹമദ് വിമാനത്താവളത്തില്‍ തുടര്‍ യാത്രക്കായി അഞ്ച് മണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കുന്നവര്‍ക്ക് സൗജന്യമായി ട്രാന്‍സിറ്റ് വിസ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഖത്തര്‍ എയര്‍വേയ്‌സിന്റെ യാത്രക്കാര്‍ക്ക് മാത്രമാണ് നിലവില്‍ സൗജന്യ ട്രാന്‍സിറ്റ് വിസ ലഭിക്കുന്നത്. വിവിധ വിസകളിലൂടെ രാജ്യത്തിനകത്തുപ്രവേശിക്കുന്ന വ്യക്തി നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യത്തിന്റെ പുറത്തേക്കു പോകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയം സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.