ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ തള്ളി ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിങ് രംഗത്ത്. ട്വിറ്ററിലൂടെയാണ് വാര്‍ത്ത തെറ്റാണെന്ന് വിശദീകരിച്ച് താരം രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോ ചേരാന്‍ തനിക്ക് പദ്ധതിയില്ലെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു.

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഹര്‍ഭജന്‍ സിങ് മത്സരിച്ചേക്കുമെന്നായിരുന്നു വാര്‍ത്ത വന്നിരുന്നത്. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജലന്ധര്‍ സീറ്റിലാവും മത്സരിക്കുകയെന്നായിരുന്നു വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ വാര്‍ത്തയോട് ഹര്‍ഭജന്‍ പ്രതികരിച്ചിരിക്കുകയാണ്.

നേരത്തെ ബിജെപി വിട്ട മുന്‍ ക്രിക്കറ്റര്‍ നവ്‌ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിദ്ദു അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തകള്‍ക്ക് ബലമേകി. അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.