ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചതില്‍ അതിരില്ലാത്ത സന്തോഷമുണ്ടെന്ന് മോദി പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് മോദിയുടെ പരിഹാസം.

ഭൂകമ്പം ഉണ്ടാകുമെന്ന് പേടിപ്പിച്ച രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചതില്‍ അതിരില്ലാത്ത സന്തോഷമുണ്ട്. യഥാര്‍ത്ഥഭൂകമ്പം വരാനിരിക്കുന്നതേയുള്ളൂ. ഭീകരരെ പാക്കിസ്താന്‍ സംരക്ഷിക്കുന്നതുപോലെയാണ് പ്രതിപക്ഷം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നത്. രാജ്യത്തെ 125കോടി ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അവരുടെ അനുഗ്രഹം ലഭിക്കുന്നത് ദൈവാനുഗ്രഹം ലഭിക്കുന്നതുപോലെയാണെന്നും മോദി പറഞ്ഞു. രാജ്യത്തെ യുവാക്കളോട് ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് നീങ്ങാന്‍ മോദി അഭ്യര്‍ത്ഥിച്ചു.

നോട്ട് നിരോധനത്തിലൂടെ മോദി അഴിമതി നടത്തിയെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. അഴിമതി പുറത്തുവിട്ടാല്‍ രാജ്യത്ത് ഭൂകമ്പമുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ രാഹുലിന് അവസരം ലഭിച്ചിരുന്നില്ല. രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് മോദിയിപ്പോള്‍.