ഗുവാഹത്തി: മണിപ്പൂരില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. സംസ്ഥാനത്തെ ഏക എം.എല്‍.എയും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കെ ജോയ്കിഷന്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ജോയ്കിഷന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ബി.ജെ.പി ദേശീയ നേതാക്കളുമായി മണിപ്പൂരിലെ പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു.

എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്നും ജോയ്കിഷന്‍ വ്യക്തമാക്കി. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം. അടുത്ത വര്‍ഷമാണ്‌ മണിപ്പൂരില്‍ തെരഞ്ഞെടുപ്പ്. അസമിലെ മിന്നും വിജയം മണിപ്പൂരിലും ആവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ബി.ജെ.പിയിലെ ഏക എം.എല്‍.എ രാജിവെക്കുന്നത്.യൂണിയന്‍ നാഗാ കൗണ്‍സില്‍ റോഡുകള്‍ ഉപരോധിച്ചാതാണ് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഇതോടെ അവശ്യസാധനങ്ങള്‍ മണിപ്പൂരില്‍ ലഭിക്കാതായി. പമ്പുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിനെതിരെയും അറസ്റ്റ് ചെയ്ത തങ്ങളുടെ നേതാക്കളെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ടാണ് നാഗാ കൗണ്‍സില്‍ റോഡുകള്‍ ഉപരോധിക്കുന്നത്.