തിരുവനന്തപുരം: ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കില്ലെന്ന് രാഷ്ട്രീയ കക്ഷികള്‍. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും അറിയിച്ചു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. ഹര്‍ത്താല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രളയബാധിത പ്രദേശങ്ങലിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം ഹര്‍ത്താല്‍ ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് മൂന്നു വരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇടതു പാര്‍ട്ടികള്‍ സംയുക്തമായി ദേശീയ തലത്തില്‍ നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് ഇടതു മുന്നണിയും വ്യക്തമാക്കി.