ലഖ്‌നൗ: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം മറച്ചുവെക്കാനുള്ള യുപി സര്‍ക്കാറിന്റെ ശ്രമം പൊളിച്ചത് എബിപി ന്യൂസ്. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെയും പൊലീസിന്റെയും ഭീഷണി മറികടന്നാണ് എബിപി ന്യൂസ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ യുപി പൊലീസ് കയ്യേറ്റം ചെയ്തതടക്കമുള്ള കാര്യങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തതും എബിപി ന്യൂസ് ആയിരുന്നു.

അതിനിടെ ഹാത്രാസ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച എബിപി ന്യൂസ് റിപ്പോര്‍ട്ടറേയും ക്യാമറമാനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. റിപ്പോര്‍ട്ടര്‍ പ്രതിമ മിശ്ര, ക്യാമറാമാന്‍ മനോജ് അധികാരി എന്നിവരെയാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവദിക്കില്ലെന്ന് പൊലീസ് ഇവരോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളോട് മോശമായാണ് പെരുമാറിയതെന്ന് ഇവര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തങ്ങളെ തടയുന്നതെന്ന് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ല. ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തങ്ങളെ തടയുന്ന എന്തെങ്കിലും ഉത്തരവുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ക്ഷുഭിതനായാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതെന്ന് എബിപി റിപ്പോര്‍ട്ടര്‍ പറഞ്ഞു.

ഹാത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മാധ്യമങ്ങളുടെ മുന്നിലെത്തുന്നത് ഏത് വിധേനയും തടയണം എന്ന നിര്‍ദേശമാണ് യുപി സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. ഇന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒരു കൗമാരക്കാരന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പൊലീസ് തങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസിനെ കണ്ടതോടെ അവര്‍ ഭയപ്പെട്ട് ഓടിമറഞ്ഞു. കോവിഡിന്റെ മറവില്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കസ്റ്റഡിയിലെടുക്കുകയാണ് യുപി പൊലീസ്.