പരിസ്ഥിതി വൈവിധ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ദ്വീപുകളില്‍ ഒന്നാണ് ഹവായി ദ്വീപുകള്‍. ദ്വീപുമായി ബന്ധപ്പെട്ടുള്ള നാടോടിക്കഥകളിലും ആ വൈവിധ്യമുണ്ട്. അത്തരമൊരു പ്രേതകഥയാണ് ‘ഗ്രീന്‍ ലേഡി’ അഥവാ ഹരിതവനിതയുടേത്. ദ്വീപിലെ പഴമക്കാര്‍ ഇന്നും വിശ്വസിക്കുന്നത് ഗ്രീന്‍ ലേഡി ഒരു മിത്തല്ല സത്യമാണെന്നാണ്.

അത്രയേറെ പഴക്കമില്ല ഗ്രീന്‍ ലേഡിയുടെ കഥയ്ക്ക്. ഹവായ് ദ്വീപുകളില്‍ വാഹനങ്ങളോടിത്തുടങ്ങിയ കാലം മുതല്‍ ഈ കഥയുണ്ട്. പ്രശസ്തമാണ് അവിടുത്തെ വാഹിയൊവ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. ഒട്ടേറെ പരിസ്ഥിതി സ്‌നേഹികളാണ് വര്‍ഷം തോറും അവിടേക്കു വരാറുള്ളത്. എന്നാല്‍ സന്ധ്യയാകുന്നതോടെ പലരും അവിടെനിന്നു മാറും. പ്രത്യേകിച്ച് ഗാര്‍ഡനിലെ ഒരു നീര്‍ച്ചാലിനു കുറുകെയുള്ള പാലത്തില്‍നിന്ന്. കുട്ടികള്‍ ആ പാലത്തിന്റെ പരിസരത്തേക്കു പോകാന്‍ പോലും ഭയക്കും. അതിനു കാരണം ഗ്രീന്‍ ലേഡിയാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരമ്മയും കുട്ടികളു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്നതു പതിവായിരുന്നു. അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു അവിടുത്തെ നീര്‍ച്ചാല്‍. അതിനു മുകളിലെ പാലം ഉപയോഗിക്കാതെ അമ്മയും മക്കളും നീര്‍ച്ചാല്‍ നടന്നാണു മറികടന്നിരുന്നത്. പാലത്തിലൂടെ വരുന്ന വാഹനങ്ങള്‍ മക്കളെ ഇടിച്ചാലോ എന്നു പേടിച്ചായിരുന്നു ആ അമ്മ അതു ചെയ്തത്. ഒരു ദിവസം സന്ധ്യയ്ക്ക് കുട്ടികളിലൊരാളെ കാട്ടില്‍ കാണാതായി. അമ്മ പലയിടത്തും നോക്കി, എവിടെയുമില്ല. നീര്‍ച്ചാലില്‍ കാണാതായതാണെന്നു കരുതി അമ്മ പലരോടും സഹായം തേടി. ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ശേഷിച്ച കുട്ടികളുമായി അമ്മ കാട്ടിലേക്കു നടന്നു മറഞ്ഞു. അതിനു ശേഷം അവരെ ആരും കണ്ടിട്ടില്ല.

എന്നാല്‍ യഥാര്‍ഥ പ്രശ്‌നങ്ങളുടെ തുടക്കം അവിടെനിന്നായിരുന്നു. വാഹിയൊവയിലെ നീര്‍ച്ചാലിലേക്കെത്തുന്ന സന്ദര്‍ശകര്‍ പലപ്പോഴും പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയെ കാണാന്‍ തുടങ്ങി. സന്ധ്യാസമയത്തായിരുന്നു ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സത്യത്തില്‍ ഇവരുടെ നിറം പച്ചയായിരുന്നില്ല. ദേഹം മുഴുവന്‍ പലതരം പായലും വള്ളിച്ചെടികളും പടര്‍ന്നു പിടിച്ച അവസ്ഥയിലായിരുന്നു. കാട്ടിനുള്ളിലെ വൃക്ഷലതാദികള്‍ക്കിടയില്‍ ഇവരെ പലപ്പോഴും തിരിച്ചറിയാന്‍ പോലും സാധിക്കില്ല. ഗാര്‍ഡനിലെത്തിയ പലരും ഗ്രീന്‍ ലേഡിയെ കണ്ടതായി അവകാശപ്പെട്ടു. അവരുടെ വിശേഷണങ്ങളില്‍നിന്ന് അധികൃതര്‍ക്കും ഏകദേശ രൂപം പിടികിട്ടി.

തലയില്‍ കടല്‍പ്പായലും നീണ്ടിരുണ്ട മുടി നിറയെ വള്ളിച്ചെടികളുമായിട്ടായിരുന്നു അവരുടെ യാത്ര. ശരീരത്തിന്റെ പല ഭാഗത്തും മീന്‍ ചെതുമ്പലുകള്‍ പോലെയായിരുന്നു. നിര തെറ്റിയ പല്ലുകളും പേടിപ്പെടുത്തുന്ന നീണ്ട കൈവിരലുകളുമുണ്ടായിരുന്നു ആ യക്ഷിക്ക്. ഇവരെ ഭയന്ന് സന്ധ്യ കഴിഞ്ഞാല്‍ ആരും വാഹിയൊവയിലെ നീര്‍ച്ചാലിലേക്കു പോകാതായി. ഗ്രീന്‍ ലേഡി അടുത്തെത്തുന്നത് തിരിച്ചറിയാനും വഴിയുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധമായിരുന്നു അവരുടെ ശരീരത്തില്‍നിന്നു വന്നിരുന്നത്. ദേഹത്തെ പായലും ചെടികളുമെല്ലാം ചീഞ്ഞളിഞ്ഞായിരുന്നു ആ ഗന്ധം. അത്തരം ദുര്‍ഗന്ധം രാത്രിയില്‍ തൊട്ടടുത്തുണ്ടെങ്കിലും ഹവായി ദ്വീപു നിവാസികളില്‍ പലരും ഞെട്ടിവിറയ്ക്കും. എന്നാല്‍ വാഹിയൊവയിലെ നീര്‍ച്ചാല്‍ കേന്ദ്രീകരിച്ചു മാത്രമായിരുന്നു ഗ്രീന്‍ ലേഡിയെ കണ്ടിരുന്നത്.

കാണാതായ കുഞ്ഞിനെ തേടിയാണ് അവര്‍ നടക്കുന്നതെന്നും കുട്ടികളാണു ലക്ഷ്യമെന്നും കഥകളുണ്ടായി. ബൊട്ടാണിക്കല്‍ ഗാര്‍ഡനു തൊട്ടടുത്തുളള ഒരു എലമെന്റി സ്‌കൂളിന്റെ പരിസരത്തും ഇവരെ കണ്ടതായി കഥകളുണ്ട്. 1980കളുടെ മധ്യത്തിലാണ് അവസാനമായി ഗ്രീന്‍ ലേഡിയെ കണ്ടതായി പറയുന്നത്. എന്നാല്‍ ഇന്നും കുട്ടികളെ നീര്‍ച്ചാലുകളുടെ സമീപത്തേക്കു പോകുന്നതില്‍നിന്നു വിലക്കുന്നതിന് മാതാപിതാക്കള്‍ പ്രയോഗിക്കുന്ന തന്ത്രം ‘ഗ്രീന്‍ ലേഡി’ പിടിച്ചുകൊണ്ടു പോകുമെന്നാണ്. കുട്ടികളെ വെള്ളത്തില്‍ വീഴാതെ രക്ഷപ്പെടുത്താന്‍ അമ്മമാരുണ്ടാക്കിയ കഥയാണിതെന്നും പറയപ്പെടുന്നു. എന്താണെങ്കിലും തലമുറ കൈമാറിയെത്തിയ ഈ കഥ ഇന്ന് ഹവായി ദ്വീപുകളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന മിത്തുകളില്‍ ഒന്നാണ്.