ആരോഗ്യം കൈവരിക്കാന്‍ പല വഴികളും നമ്മള്‍ നോക്കാറുണ്ട്. എന്നാല്‍ ചവച്ചുകൊണ്ട് ആരോഗ്യം നേടാമെന്ന കാര്യം എത്ര പേര്‍ക്കറിയാം? അതായത് ച്യൂയിംഗം ചവക്കുന്നതും ഒരു ആരോഗ്യകരമായ പ്രവൃത്തിയാണ്. എന്നാല്‍ ഇതൊരു മോശം ദുശ്ശീലമായാണ് പലരും കാണാറുള്ളത്. എപ്പോഴും വായ ചലിപ്പിച്ചു കൊണ്ടിരിക്കുകയും ശബ്ദമുണ്ടാക്കുകയും ചവച്ചു തുപ്പി തറ വൃത്തികേടാക്കുകയും ചെയ്യുന്ന ഈ പ്രവൃത്തിയെ ആരും അംഗീകരിക്കാറില്ലെന്നതും വാസ്തവമാണ്. പ്രത്യക്ഷത്തില്‍ ഏതാനും ദൂഷ്യവശങ്ങള്‍ കാണാമെങ്കിലും ദോഷത്തേക്കാള്‍ പതിന്മടങ്ങ് ഗുണങ്ങളാണ് ച്യൂയിംഗത്തിനുള്ളത്.

വിശപ്പിനെ പിടിച്ചു നിര്‍ത്തുന്നു

ഓഫീസിലും കോണ്‍ഫറന്‍സിലും ക്ലാസ്‌റൂമിലുമൊക്കെ ആയിരിക്കുമ്പോള്‍ വിശപ്പുണ്ടാവുക സ്വാഭാവികമാണ്. ബോറടി മാറ്റാന്‍ എന്തെങ്കിലും കഴിക്കുക എന്നൊരു ശീലം തന്നെ പലര്‍ക്കുമുണ്ട്. വിശന്നു തുടങ്ങിയാല്‍പ്പിന്നെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ലളിതമായൊരു വഴിയുണ്ട്; ച്യുയിംഗം വായിലിടുക.
ച്യുയിംഗം ചവച്ചുകൊണ്ടിരിക്കുമ്പോള്‍ വിശപ്പിന്റെ കാര്യം ശരീരം മറക്കുന്നു. അതേസമയം, കേള്‍ക്കുന്ന / ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനും കഴിയും. ഒട്ടും ബോറടിക്കുകയുമില്ല. കോണ്‍ഫറന്‍സിലും ക്ലാസിലും മറ്റുമാവുമ്പോള്‍ മറ്റുള്ളവരെ ശല്യം ചെയ്യാത്ത രീതിയിലായിരിക്കണം ചവക്കേണ്ടത് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

തടി കുറക്കാം

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ നിയന്ത്രണം പാലിച്ച് തടി കുറക്കാന്‍ ശ്രമിക്കുകയാണ് നിങ്ങളെങ്കില്‍ അതിനുപറ്റി ഉറ്റ ചങ്ങാതി തന്നെയാണ് ച്യുയിംഗം. വിശക്കുമ്പോള്‍ താല്‍ക്കാലിക ഭക്ഷണമായി ശരീരത്തെ ‘പറ്റിക്കും’ എന്നതാണ് അതിന്റെ ഗുട്ടന്‍സ്. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണം കൈയകലത്തിലിരുന്ന് പ്രലോഭിപ്പിക്കുകയാണെങ്കില്‍ മറ്റൊന്നുമാലോചിക്കാതെ ച്യുയിംഗം ചവച്ചു തുടങ്ങൂ. ആര്‍ത്തിയും ആഗ്രഹവും നിയന്ത്രണ പരിധിയില്‍ വരുന്നതു കാണാം. അതിനു പുറമെ, തുടര്‍ച്ചയായി ചവക്കുമ്പോള്‍ ശരീരത്തില്‍ അധിക ഊര്‍ജം സംഭരിക്കപ്പെടുന്നു. ഭാരം കുറക്കാന്‍ ഇത് സഹായകമാണ്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചവച്ചു കൊണ്ടിരുന്നാല്‍ 11 കലോറി വരെ നശിക്കും എന്നാണ് കണ്ടെത്തല്‍.

ദഹനം എളുപ്പമാക്കുന്നു

ഭക്ഷണത്തിനു പിറകെ ച്യുയിംഗം ശീലമാക്കുന്ന ദഹന പ്രക്രിയയെ സഹായിക്കുന്നതാണ്. ചവക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഉമിനീര്‍ വയറ്റിലെ അമ്ലത്തിന്റെ സ്ഥിതി നല്ല രീതിയില്‍ നിലനിര്‍ത്തുന്നു. അതിന്റെ ഫലമായി ദഹനപ്രക്രിയ നല്ല രീതിയിലാവുന്നു.

പല്ലിന് ആരോഗ്യം

പല്ലുകളും കീഴ്ത്താടിയും ആരോഗ്യത്തോടെയിരിക്കാന്‍ നല്ലതാണ് ച്യുയിംഗം. ഭക്ഷണത്തിനു ശേഷം ചവക്കുമ്പോള്‍ പല്ലിനിടയില്‍ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ സൂക്ഷ്മാംശങ്ങളും ബാക്ടീരിയയും പുറത്തെത്തിക്കുകയും പല്ല് ദ്രവിക്കുന്നത് തടയുകയും ചെയ്യുന്നു. പല്ലുകള്‍ക്കിടയില്‍ ദ്വാരം വീഴുന്നതും (കാവിറ്റി) പല്ലിനു പുറത്ത് കടുപ്പമുള്ള ആവരണം (പ്ലാക്) സൃഷ്ടിക്കപ്പെടുന്നതും തടയുന്നു. ഉമിനീര്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഒരു ശുദ്ധീകരണ പ്രക്രിയയാണ്.

മനഃസംഘര്‍ഷം കുറക്കാം

ച്യുയിംഗം മനഃസംഘര്‍ഷം (സ്ട്രസ്സ്) കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വായ തുടര്‍ച്ചയായി ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ ജാഗ്രത വര്‍ധിക്കുകയും ഉത്കണ്ഠ കുറയുകയും ചെയ്യുന്നു. ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ചില കളിക്കാര്‍ ച്യുയിംഗം ചവച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. സമ്മര്‍ദ്ദം അകറ്റാനും എതിരാളിക്കു മേല്‍ മാനസിക ആധിപത്യം സ്ഥാപിക്കാനുമുള്ള എളുപ്പവഴിയായാണിത്. പരീക്ഷാ ഹാളിലും ഇതേ വിദ്യ പരീക്ഷിക്കാവുന്നതാണ്. അനാവശ്യ ഭയം അകറ്റാനും ചോദ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതുകൊണ്ടു കഴിയും. ഓഫീസില്‍ നൂറുകൂട്ടം ജോലികളുടെ ഭാരം കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ ഗം ചവക്കുന്നത് ഫ്രസ്‌ട്രേഷനില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കും.

മനക്കരുത്ത് നേടാം

തലച്ചോറിന്റെ ചില ഘടകങ്ങളെ ച്യുയിംഗം ഉദ്ദീപിപ്പിക്കുന്നുണ്ട്. ഗം ചവയ്ക്കുമ്പോള്‍ തലച്ചോറില്‍ ഓര്‍മ കൈകാര്യം ചെയ്യുന്ന ഹിപോകാംപസ് എന്ന ഭാഗം ഉദ്ദിപ്തമാവുന്നു. തലച്ചോറിലെ രക്തചംക്രമണം സുഗമമാക്കാനും ആവശ്യത്തിന് ഓക്‌സിജന്‍ പമ്പ് ചെയ്യപ്പെടാനും സഹായിക്കുന്നു. രാത്രി ഉറക്കമിളച്ച് ജോലി ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളില്‍ കട്ടന്‍ കാപ്പിയേക്കാളും സിഗരറ്റിനേക്കാളും ഫലം ചെയ്യുക ച്യുയിംഗമാണ്.

വായ്‌നാറ്റം അകറ്റാം

വായ്‌നാറ്റം സാമൂഹികമായ ഒറ്റപ്പെടലിനും മനോവിഷമത്തിനും ഇടയാക്കുന്ന കാര്യമാണ്. പല കാരണങ്ങളാല്‍ വായ്‌നാറ്റമുണ്ടാവാം. സദാസമയവും വായ വൃത്തിയായി സൂക്ഷിച്ചാല്‍ വായ്‌നാറ്റത്തെ പടിക്കു പുറത്തുനിര്‍ത്താം. അതിന് ഏറ്റവും യോജിച്ച ഒരുപായം ച്യുയിംഗം ചവക്കുക എന്നതാണ്. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉമിനീര്‍, ദുര്‍ഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ അന്തകനാണ്. മധുരമില്ലാത്ത ഗം ആണ് ഈ ഉപയോഗത്തിന് നല്ലത്.
സവാള മുറിക്കുമ്പോള്‍ ച്യുയിംഗം ചവച്ചാല്‍ കരയാതെയിരിക്കാം. അബദ്ധത്തില്‍ ച്യുയിംഗം വിഴുങ്ങിയാല്‍ വര്‍ഷങ്ങളോളം അത് വയറ്റില്‍ കിടക്കുമെന്ന വിശ്വാസം തെറ്റാണ്. ദഹിക്കാത്തതിനാല്‍ മറ്റു വസ്തുക്കളേക്കാള്‍ കൂടുതല്‍ സമയം അത് ആമാശയത്തില്‍ തങ്ങിയേക്കാം. സാധാരണ ഗതിയില്‍ മറ്റെല്ലാ വസ്തുക്കളെയും പോലെ ശരീരം ച്യുയിംഗത്തിനെയും പുറന്തള്ളും.