തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി അടക്കം എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും.

അതേസമയം കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്താല്‍ ബുധനാഴ്ച മുതല്‍ നാല് ദിവസം സംസ്ഥാന വ്യാപകമായി കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ട്. തുലാവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയാണ് കിഴക്കന്‍ കാറ്റ് ശക്തമാകുന്നത്.

അതിനിടെ കക്കി, ഷോളയാര്‍ ഡാമുകള്‍ ഇന്ന് തുറക്കും. ഇടുക്കി അണക്കെട്ടില്‍ 2396.90 അടിയായി ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ്. 2398.85 അടിയിലെത്തിയാല്‍ ഡാം തുറക്കും.