X

ഹിജാബിനായുള്ള ഡോ.ആസിയയുടെ പോരാട്ടം ഫലം കണ്ടു

കൊച്ചി:ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി നാലു മാസം നീണ്ട പോരാട്ടം നടത്തിയ ഡോ.ആസിയക്ക് മുന്നില്‍ ഒടുവില്‍ മെഡിക്കല്‍ കൗണ്‍സില്‍ വഴങ്ങി. ഹിജാബ് ധരിക്കാത്ത ഫോട്ടോ നല്‍കാത്തതിന്റെ പേരില്‍ നിഷേധിക്കപ്പെട്ട രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ 17ന് ആസിയക്ക് മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ചു നല്‍കി.

 

കോയമ്പത്തൂരില്‍ നിന്ന് ബി.എച്ച്.എം.എസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ആലപ്പുഴ വടുതല സ്വദേശി ആസിയ ഇബ്രാഹിമിനാണ് ഹിജാബ് ധരിക്കാത്ത ഫോട്ടോ നല്‍കാത്തതിന്റെ പേരില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൗണ്‍സില്‍ രജിസ്ട്രാര്‍ക്കും വനിത കമ്മീഷനിലും ആസിയ പരാതി നല്‍കുകയും ചെയ്തു.

തമിഴ്‌നാട് എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോയമ്പത്തൂര്‍ മാര്‍ട്ടിന്‍ ഹോമിയോപതി മെഡിക്കല്‍ കോളജ് ആന്റ് ഹോസ്പിറ്റലില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ആസിയ കോഴ്‌സും ഇന്റേണ്‍ഷിപും പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഓഫ് പെര്‍മനെന്റ് രജിസ്‌ട്രേഷന് വേണ്ടി സെപ്തംബറില്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചു.

അവര്‍ ആവശ്യപ്പെട്ട രേഖകളുമായി ഓഫീസില്‍ ചെന്നപ്പോള്‍ ഹിജാബ് അഴിച്ചുവച്ച് ചെവിയും കഴുത്തും പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ ഇല്ലാതെ അപേക്ഷ സ്വീകരിക്കില്ലെന്ന് നിലപാടെടുത്തു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25-28 പ്രകാരം മൗലിക അവകാശമായ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ മാനസികമായി തളര്‍ത്തുന്ന രീതിയിലായിരുന്നു അധികൃതരുടെ പെരുമാറ്റം.

 

അപേക്ഷ സ്വീകരിക്കാതെ മടങ്ങില്ലെന്ന് അറിയിച്ചപ്പോള്‍ പ്രഹസനം പോലെ അപേക്ഷ സ്വീകരിക്കുകയും ഒരു മാസം കഴിഞ്ഞ് മുഖം വ്യക്തമാക്കുന്ന ഫോട്ടോ വേണമെന്ന് കാണിച്ച് വീട്ടിലേക്ക് വീണ്ടും കത്തയക്കുകയും ചെയ്തു. ചെവിയും കഴുത്തും കാണിക്കുന്ന ഫോട്ടോ നിര്‍ബന്ധമാണെന്ന് സൂപ്രണ്ടിനെ വിളിച്ചപ്പോള്‍ പറയുകയും ചെയ്തു. തുടര്‍ന്ന് മുഖം പരമാവധി കാണുന്ന വിധത്തില്‍ കൂടുതല്‍ വ്യക്തമായ ഫോട്ടോ അയച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൗണ്‍സില്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് ആസിയ വനിത കമ്മീഷനെ സമീപിച്ചത്. ഇക്കാര്യം ജനുവരി 11ന് ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

chandrika: