ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.5 ശതമാനം പേര്‍ പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
2012ല്‍ 73.51 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. സോളാന്‍ ജില്ലയിലെ ഡൂണിലാണ് ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ 84 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ തൊട്ടടുത്ത ജുബ്ബല്‍ കോട്കായിയില്‍ 81 ശതമാനം പോളിങ് രേഖപ്പെടുത്തി.

68 മണ്ഡലങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ രാവിലെ എട്ടു മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് അഞ്ചു മണിയോടെ അവസാനിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഒരിടത്തു നിന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടായേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ ഏറെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയവനാണെന്നും കോണ്‍ഗ്രസ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി വീരഭദ്ര സിങ് പറഞ്ഞു. അതേ സമയം ഇത്തവണ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേം കുമാര്‍ ധുമലിന്റെ അഭിപ്രായം. 60 സിറ്റിങ് എം.എല്‍.എമാര്‍ അടക്കം 337 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.