ശ്രീനഗര്‍: കശ്മീര്‍ കേന്ദ്ര സര്‍വകലാശാല ഇസ്‌ലാമിക് ഹിസ്റ്ററി പിജി കോഴ്‌സിനുള്ള പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഹിന്ദു യുവാവ്. ആദ്യമായാണ് കശ്മീരിനു പുറത്തെ ഇസ്‌ലാം വിശ്വാസിയല്ലാത്ത ഒരാള്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്. രാജസ്ഥാന്‍ സ്വദേശിയായ ശുഭം യാദവാണ് ഈ നേട്ടത്തിനുടമ.

ഒക്ടോബര്‍ 29ന് പുറത്തുവന്ന അന്തിമ ലിസ്റ്റിലെ 93 പേരെ മറികടന്നാണ് ശുഭം യാദവ് ഒന്നാം റാങ്ക് നേടിയത്. ഇസ്‌ലാമോഫോബിയ എന്ന വിപത്തു കണ്ട് മനംമടുത്താണ് മതത്തിന്റെ തത്വശാസ്ത്രങ്ങളില്‍ ആകൃഷ്ടനായതെന്ന് അദ്ദേഹം പറയുന്നു. തന്നെ സംബന്ധിച്ച് ഇസ്‌ലാമിക് ഹിസ്റ്ററി എന്നത് നിയമം പോലെയോ ചരിത്രം പോലെയോ സോഷ്യോളജി പോലെയോ ഒരു വിഷയം മാത്രമാണ്, അതില്‍ കവിഞ്ഞൊരു പ്രയാസവുമില്ലെന്നും ശുഭം യാദവ് വ്യക്തമാക്കുന്നു.

സിവില്‍ സര്‍വീസ് നേടുക എന്നതാണ് ശുഭം യാദവിന്റെ സ്വപ്നം. എല്ലാ മതങ്ങളെയും അവയുടെ പാരമ്പര്യങ്ങളെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും പഠിക്കണമെന്നാണ് യാദവിന്റെ പക്ഷം. മതങ്ങള്‍ തമ്മില്‍ സാഹോദര്യം വളര്‍ത്താന്‍ വേണ്ട നയപരിപാടികള്‍ ഭരണകൂടങ്ങള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

റാങ്ക് പട്ടിക പുറത്തുവന്ന പാടെ കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ റിലീജിയസ് സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് മേധാവി പ്രൊഫ. ഹമീദുള്ളാ മറാസി നേരിട്ട് ശുഭം യാദവിനെ ഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹത്തെ അഭിനന്ദിച്ചു. ‘ഒരു ഹിന്ദു യുവാവ്, അതും ഒരു തികഞ്ഞ മതവിശ്വാസി, ഇങ്ങനെ ഇസ്ലാമിക് ഹിസ്റ്ററിയില്‍ എംഎ പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അത് മറ്റുള്ള ഇസ്ലാം മത വിശ്വാസികളായ വിദ്യാര്‍ത്ഥികളോടൊക്കെ പ്രവേശന പരീക്ഷയില്‍ മത്സരിച്ച് ഒന്നാമതെത്തിയിട്ടുതന്നെ ആകുമ്പോള്‍ ആ സന്തോഷത്തിന്റെ മധുരം ഇരട്ടിക്കുന്നു.’ പ്രൊഫ. ഹമീദുള്ള പറഞ്ഞു. ഇസ്ലാമിക് സ്റ്റഡീസ്, കംപാരിറ്റിവ് റിലീജിയന്‍ എന്നിങ്ങനെ രണ്ടു പാഠ്യപദ്ധതികള്‍ സര്‍വകലാശാലയില്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.