X

സര്‍ക്കാരിന്റെ പിടിപ്പുകേട് പുറത്ത്: ഇടത് മുന്നണിക്ക് എതിരെ വീണ്ടും ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ പരസ്യവിമര്‍ശനവുമായി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. സര്‍ക്കാരിന്റെ ഭരണത്തിലുണ്ടായി കെടുകാര്യസ്ഥത തുറന്നുകാട്ടിയാണ് ഗണേഷ് കുമാര്‍ തുറന്നടിച്ചത്. മുന്നണിയില്‍ ആരോഗ്യപരമായ കൂടിയാലോചനകളില്ലെന്നും വികസനരേഖയില്‍ ചര്‍ച്ചയുണ്ടായില്ലെന്നും തനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഗണേഷ് പറഞ്ഞു.

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീരാത്തതിനാല്‍ മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. വികസനരേഖയില്‍ ചര്‍ച്ചയുണ്ടായില്ല, അഭിപ്രായം മാത്രമാണ് തേടിയത്. ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയുമില്ല. പത്തനാപുരത്തെ ജനങ്ങള്‍ വോട്ട് ചെയ്യുന്നതുകൊണ്ടാണ് താന്‍ നിയമസഭയിലേക്ക് വരുന്നത്. അദ്ദേഹം പറഞ്ഞു.

നേരത്തെ, എല്‍ഡിഎഫ് നിയമസഭകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ക്ക് എതിരെ ഗണേഷ് കുമാര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഓരോ മന്ത്രിമാരെയും പേരെടുത്തായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോര. പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാന്‍ പറ്റുന്നില്ല. പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ നിര്‍മ്മാണമോ നിര്‍വഹണമോ നടക്കുന്നില്ല. എംഎല്‍എമാര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഗണേഷ്‌കുമാര്‍ തുറന്നടിച്ചു.

കഴിഞ്ഞ ബജറ്റില്‍ ഓരോ എംഎല്‍എയ്ക്കും 20 പ്രവൃത്തി വീതം തരാമെന്ന് പറഞ്ഞ് എഴുതി വാങ്ങി. ഒറ്റയൊരെണ്ണം പോലും തന്നില്ല. ഭരണപക്ഷക്കാരുടെ തന്നെ സ്ഥിതി ഇതാണ്. കിഫ്ബിയാണ് എല്ലാത്തിനും പോംവഴിയെന്നാണ് പറയുന്നത്. ഇപ്പോല്‍ കിഫ്ബി എഴുതിക്കൊടുക്കേണ്ടെന്നാണ് പുതിയ നിര്‍ദേശം. കിഫ്ബിയുടെ പേരില്‍ ഫ്‌ലക്‌സുകള്‍ വെച്ചു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. ഇപ്പോള്‍ അതിന്റെ പഴിയും എംഎല്‍എമാര്‍ക്കാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

webdesk13: