ഷംസീര്‍ കേളോത്ത്

നിയമവും നീതിയും പരസ്പര ബന്ധിതമാണ്. നീതിയില്ലാത്ത നിയമം ജനങ്ങള്‍ അംഗീകരിക്കില്ല. നിയമവ്യവസ്ഥയില്ലാതെ നീതി പുലര്‍ന്ന് കാണുകയെന്നതും ഏറെക്കുറെ അസാധ്യമാണ്. വംശീയ അതിക്രമങ്ങള്‍ക്കെതിരെ കടുത്ത സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി അനശ്വരനായിമാറിയ പൗരാവകാശ പോരാളി മാര്‍ട്ടിന്‍ ലൂഥര്‍കിങ് അലബാമയിലെ ജയിലില്‍ നിന്നെഴുതിയ കത്തില്‍ നിയമത്തെ രണ്ടായാണ് തരംതിരിച്ചത്. ഒന്ന്, നീതിപൂര്‍വ്വകമായ നിയമങ്ങള്‍. രണ്ട് നീതിരഹിത നിയമങ്ങള്‍. നീതിപൂര്‍വ്വകമല്ലാത്ത നിയമങ്ങളൊന്നും തന്നെ നിയമമല്ലെന്ന ആശയത്തിലൂന്നിയാണ് ലോകമെമ്പാടുമുള്ള നിസ്സഹകരണ നിയമലംഘന സമരങ്ങളൊക്കെ അരങ്ങേറിയത്. ലൂഥര്‍കിങ് എഴുതിയ കത്തും തന്റെ നിയമലംഘന സമരത്തിന്റെ നൈതികതയെ ചോദ്യംചെയ്തവര്‍ക്കുള്ള മറുപടിയായിരുന്നു. ലോകത്തെ പൗരാവാകാശ സമരങ്ങള്‍ക്കാകെ ഉത്തേജനം പകരുന്ന ചരിത്ര രേഖയാണ് ഇന്ന് ആ കത്ത്. രാജ്യം ഭരിച്ച കൊളോണിയല്‍ ഭരണകൂടം തങ്ങളുടെ നെറികേടുകളെ ന്യായീകരിക്കാനും എതിര്‍സ്വരങ്ങളെ ഇല്ലാതാക്കാനും ചില വംശീയ നിയമങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇതിനെയാണ് സ്വാതന്ത്ര്യസമര പോരാളികള്‍ ചോദ്യംചെയ്തതും. മൗലികാവകാശങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം ഭരണഘടനയില്‍ ലഭിക്കാനുണ്ടായ കാരണങ്ങളില്‍ ഒന്ന് അതിന്റെ ശില്‍പ്പികള്‍ക്ക് ഭരണകൂടത്തിന് എങ്ങനെയൊക്കെ പൗരാവകാശങ്ങള്‍ ലംഘിക്കാന്‍ കഴിയും എന്നതിന്റെ നേരനുഭവങ്ങള്‍ ഉണ്ടായിരുന്നു എന്നത് ്‌കൊണ്ട്കൂടിയാണ്. രാഷ്ട്രനിര്‍മ്മിതിക്ക് നീതിയിലധിഷ്ഠിതമായ നിയമവാഴ്ചയാണ് ഉണ്ടാവേണ്ടത്.

മാധ്യമപ്രവര്‍ത്തനം തടവില്‍മലയാളിയായ ഒരു മാധ്യമപ്രവര്‍ത്തകന്‍ ജോലിക്കിടെ ഉത്തര്‍പ്രദേശില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ഒരു വര്‍ഷം തികയുകയാണിന്ന്. അദ്ദേഹം ചെയ്ത കുറ്റം പത്തൊമ്പത് വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍ നിന്ന് ഹത്രാസിലേക്ക് യാത്ര തിരിച്ചു എന്നതായിരുന്നു. സംഭവസ്ഥലത്തെത്തുന്നതിന് മുമ്പ് അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. നാളേറെ കഴിഞ്ഞിട്ടും നിത്യരോഗങ്ങള്‍കൊണ്ട് വലയുന്ന ആ മാധ്യമപ്രവര്‍ത്തകന്‍ ഇന്നും ജയിലിലാണ്. കന്നുകാലികള്‍ക്കുള്ള തീറ്റതേടി വയലില്‍ പോയ പെണ്‍കുട്ടിയെ ഉയര്‍ന്ന ജാതിക്കാരായ നാല് ഠാക്കൂര്‍ യുവാക്കളാണ് ക്രൂര പീഡനത്തിനരയാക്കിയത്. നട്ടെല്ല് തകര്‍ന്ന് ചോര തുപ്പി കിടന്ന യുവതിയെ അമ്മയാണ് കണ്ടെത്തുന്നത്. അക്രമികള്‍ പെണ്‍കുട്ടിയുടെ നാവറുത്ത് മാറ്റിയിരുന്നു. എവിടെയോ അല്‍പ്പം ജീവന്‍ ബാക്കിയുള്ള ആ പെണ്‍കുട്ടിയെ ഡല്‍ഹിയിലെത്തിച്ച് ആ കുടുംബം ചികില്‍സ നല്‍കി. ദിവസങ്ങള്‍ക്കകം അവള്‍ മരിച്ചു. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം അധികാരികള്‍ യു.പിയില്‍ കൊണ്ടുപോയി ദഹിപ്പിച്ചു. ഞെട്ടിക്കുന്ന ഈ സംഭവം രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചു. പ്രതിപക്ഷ കക്ഷി നേതാക്കളെ തടഞ്ഞും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയും സംഭവം മറച്ചുപിടിക്കാനാണ് അന്ന് അധികാരികള്‍ ശ്രമിച്ചത്.

മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ ദലിത് യുവതിക്കെതിരെയുണ്ടായ ക്രൂര പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹത്രാസിലേക്ക് പോയി. അദ്ദേഹത്തെ തന്റെ ജോലി നിര്‍വ്വഹിക്കാനനുവദിക്കാതെ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. രാജ്യത്തെ മാധ്യമ കൂട്ടായ്മകളൊക്കെ കാപ്പന് വേണ്ടി ശബ്ദമുയര്‍ത്തി. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. കോവിഡ് രൂക്ഷമായ നാളില്‍ പോലും ചങ്ങലകളാല്‍ ബന്ധിച്ചാണ് കോവിഡ് പോസിറ്റീവായ കാപ്പനെ ആശുപത്രിയില്‍ കിടത്തിയത്. ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് അദ്ദേഹത്തെ മാറ്റണമെന്ന് ഭാര്യക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതേണ്ട സാഹചര്യമുണ്ടായി. ഈയിടെ അദ്ദേഹത്തിനെതിരെ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗുരുതരവും ബാലിശവുമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹി ജാമിഅ വിദ്യാര്‍ത്ഥി സമരക്കാര്‍ക്കെതിരെ മാധ്യമങ്ങളെയും പൊലീസിനെയും സാക്ഷിയാക്കി നിറയൊഴിച്ച കപില്‍ ഗുജ്ജറിനെ ഗാന്ധി ഘാതകനോട് ഉപമിച്ച് കാപ്പന്‍ ലേഖനമെഴുതിയതടക്കം ചാര്‍ജ് ഷീറ്റില്‍ പരമാര്‍ശിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് നിസാമുദ്ദീന്‍ മര്‍ക്കസിലെ മുസ്‌ലിം സ്ഥാപനത്തിനെതിരെ നടന്ന നീക്കങ്ങളും അദ്ദേഹത്തിന്റെ ലേഖനത്തിലുണ്ടെന്ന് ചാര്‍ജ് ഷീറ്റ് പറയന്നു. മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന ലേഖനങ്ങളാണത്രെ കാപ്പന്‍ എഴുതിയത്. പൗരത്വസമരത്തെ തുടര്‍ന്ന് അറസ്റ്റിലായ ഷെര്‍ജീല്‍ ഇമാം പ്രസംഗം തുടങ്ങിയത് ‘അസ്സാലാമു അലൈക്കും’ എന്ന അഭിവാദ്യത്തോടെയാണെന്നും ഇത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുള്ളതാണെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ ഈയിടെ വാദിച്ചിരുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടാവുന്ന അക്രമണങ്ങള്‍ തുറന്നെഴുതുന്നതും കലാപ ശ്രമമാക്കി അവതരിപ്പിക്കുന്ന രീതി എത്ര അപഹാസ്യമാണ്. മന്ത്രിമാരുള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളാണ് രാജ്യതലസ്ഥാനത്ത് കലാപമുണ്ടാക്കിയതെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമായിരുന്നിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാത്തവരാണ് സര്‍ക്കാറിനെ വിമര്‍ശിച്ചതിന് കാപ്പനെതിരെ കലാപത്തിന് ശ്രമിച്ചെന്ന് പറഞ്ഞ് കേസെടുത്തിരിക്കുന്നതെന്നതാണ് വൈരുധ്യം.

കര്‍ഷക ദ്രോഹം- ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ സമരത്തിലാണ്. സമരം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പല തന്ത്രങ്ങള്‍ പയറ്റിയെങ്കിലും സമരാഗ്നി കെടാതെ കര്‍ഷക സമരം മുന്നോട്ട്‌പോവുകയാണ്. അതിനിടെയാണ് ഞായറാഴ്ച അതിദാരുണമായ വാര്‍ത്ത പുറത്ത്‌വന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ യു.പി ഉപമുഖ്യമന്ത്രിക്കെതിരെയും കേന്ദ്ര സഹമന്ത്രിക്കെതിരെയും റോഡുപരോധിച്ച് സമരം ചെയ്ത കര്‍ഷകരെ സഹമന്ത്രിയുടെ മകനടങ്ങുന്ന സംഘം വണ്ടി കയറ്റി കൊന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ കര്‍ഷകരാണ്. മറ്റ നാല് പേരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണന്നും ബാക്കിയുള്ളവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണന്നും റിപ്പോര്‍ട്ടുണ്ട്. ഭരണകക്ഷി കര്‍ഷക രോഷത്തെ അക്രമമഴിച്ചുവിട്ടും കൊലപാതകങ്ങള്‍ നടത്തിയും മറികടക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനകീയ സമരങ്ങളെ യാതൊരു തത്ത്വദീക്ഷയുമില്ലാതെ അടിച്ചമര്‍ത്തുന്നതിന് കുപ്രസിദ്ധിയാര്‍ജിച്ചവരാണ്. പൗരത്വ സമരക്കാര്‍ക്കെതിരെയുണ്ടായ വെടിവെപ്പില്‍ നിരവധിപേര്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടിരുന്നു. ഒരു യൂത്ത്‌ലീഗ് പ്രവര്‍ത്തകനും ഇതില്‍പെടും. കര്‍ഷക സമരത്തെയും സമാന രീതിയില്‍ അടിച്ചമര്‍ത്താമെന്നാണ് ഭരണകക്ഷി കരുതുന്നത്.

സംഭവസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് പ്രിയങ്കഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നും മറച്ചുപിടിക്കാനില്ലെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ കര്‍ഷകരെ സന്ദര്‍ശിക്കുന്നത് സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നത്. ദൈനിക് ജാഗരണ്‍ എന്ന ഹിന്ദി ദിനപത്രം ‘ലെഖിംപൂരില്‍ കര്‍ഷകരുടെ അതിക്രമം’ എന്നാണ് സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. നേരത്തെ കത്വയിലെ പിഞ്ചുകുട്ടി പീഡനത്തിനിരയായിട്ടില്ല എന്ന് വാര്‍ത്തകൊടുത്തവരാണവര്‍. സമരക്കാര്‍ ഖലിസ്ഥാനികളാണന്നും സിഖ് വിഘടനവാദിയായിരുന്ന ബിന്ദ്രന്‍വാലയുടെ അനുയായികളാണെന്നുമാണ് സംഘ്പരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. പ്രിയങ്കാഗാന്ധിയും അഖിലേഷ് യാദവുമൊക്കെ അറസ്റ്റിലായിട്ടും പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ച ബി.ജെ.പി നേതാവിന്റെ മകനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മകന്‍ നിരപരാധിയാണെന്നാണ് മന്ത്രി വാദിക്കുന്നത്.
നിയമപാലകര്‍ നീതി നിഷേധിക്കാന്‍ തുടങ്ങിയാല്‍ ഭരണഘടനാമൂല്യങ്ങള്‍ക്ക് വിലയില്ലാതാക്കപ്പെടും. നിയമനിര്‍മ്മാതാക്കള്‍ അനീതി നിറഞ്ഞ നിയമങ്ങള്‍ അംഗബലത്തില്‍ പാസ്സാക്കിയെടുത്താല്‍ ക്രമേണ ആള്‍ക്കൂട്ട നീതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തും. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാ്രഷ്ടനിര്‍മ്മാണം സാധ്യമാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം.