X
    Categories: More

ഇമ്രാന്‍ റാലി: പാകിസ്താനില്‍ കൂട്ട അറസ്റ്റ്

ഇസ്്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാന നഗരി സ്തംഭിപ്പിക്കാനുള്ള പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്റെ പദ്ധതിക്ക് തടയിടാന്‍ പാക് ഭരണകൂടം ശ്രമം തുടരുന്നു. നാളെ നടത്തുന്ന റാലിക്കു മുന്നോടിയായി ഇമ്രാന്‍ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ രാജ്യവ്യാപാകമായി പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടിരിക്കുകയാണ്. ഇന്നലെ 1800 പേരെ അറസ്റ്റുചെയ്തു. റാലി അക്രമാസക്തമായേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ഇസ്്‌ലാമാബാദില്‍ യോഗവും റാലിയും നടത്തുന്നതിന് രണ്ടു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തില്‍നിന്ന് പിന്മാറാന്‍ ഇസ്്‌ലാമാബാദ് ഹൈക്കോടതിയും ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികള്‍ ഏതെങ്കിലും സ്ഥലത്തെ കുത്തിയിരുപ്പ് ധര്‍ണയില്‍ ഒതുക്കാന്‍ കോടതി നിര്‍ദേശംനല്‍കി. ഇസ്്‌ലാമാദിലെ പരേഡ് ഗ്രൗണ്ടിനു സമീപം റാലി നടത്താവുന്നതാണെന്ന് ജസ്റ്റിസ് ഷൗഖത്ത് അസീസ് സിദ്ധീഖി പറഞ്ഞു. എന്നാല്‍ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ കോടതി അംഗീകരിച്ചില്ല. പാക് നിയമപ്രകാരം പൗരന്മാരുടെ മൗലികാവകാശമാണ് പ്രതിഷേധമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തലസ്ഥാനത്തെ ബലമായി സ്തംഭിപ്പിക്കാനുള്ള ഏത് നീക്കവും തടയുന്നതിന് നിയമപരമായ മാര്‍ഗം സ്വീകരിക്കണമെന്ന് സിദ്ധീഖി നിര്‍ദേശിച്ചു. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ഇമ്രാന്‍ഖാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ പൊലീസിനോടും ആവശ്യപ്പെട്ടു. നവാസ് ശരീഫിന്റെ കുടുംബത്തിന് വിദേശത്ത് അനധികൃത നിക്ഷേപമുണ്ടെന്ന പനാമ രേഖകളിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇമ്രാന്‍ഖാന്‍ പ്രക്ഷോഭ റാലിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

chandrika: