X

മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 639 കര്‍ഷകര്‍

മുംബൈ: കടബാധ്യതയും വിളനാശവും കാരണം മഹാരാഷ്ട്രയില്‍ മാത്രം 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഔദ്യോഗിക കണക്കാണിത്. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാക്കളുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം. 2018 മാര്‍ച്ച് ഒന്നിനും മെയ് 31നുമിടയിലാണ് 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 188 പേര്‍ സര്‍ക്കാര്‍ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരാണ്.

കാര്‍ഷികാവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, വിള വായ്പ, മിനിമം സപ്പോര്‍ട്ട് വില (എംഎസ്പി), നഷ്ടപരിഹാരം തുടങ്ങി എല്ലാ സര്‍ക്കാര്‍ പദ്ധതികളും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് മുണ്ടെ കുറ്റപ്പെടുത്തി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 13,000 കര്‍ഷകര്‍ ആണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,500 പേര്‍ ആത്മഹത്യ ചെയ്തതായും മുണ്ടെ നിയമസഭയില്‍ ആരോപിച്ചു.

മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യയെ നിസാരവത്ക്കരിച്ചും പരിഹസിച്ചും ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടി അടുത്തിടെ രംഗത്തെത്തിയത് വിവാദമായിരുന്നു. പട്ടിണിയും ദാരിദ്ര്യവും കൊണ്ടോ തൊഴിലില്ലായ്മ കൊണ്ടോ അല്ല കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്നും മറിച്ച് ഒരു ഫാഷനും ട്രെന്‍ഡിനും വേണ്ടിയാണ് ഇത്തരം ആത്മഹത്യകളെന്നുമായിരുന്നു ഷെട്ടിയുടെ പരിഹാസം.

chandrika: