അലീഗഡ്: നോട്ടുക്ഷാമത്തില്‍ പണത്തിനായി വലഞ്ഞ് പൊതുജനം. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിന് പിന്നാലെ രാജ്യത്തെ ഒട്ടനവധി കൂലിപ്പണിക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി. തൊഴിലും പണവുമില്ലാതെ വട്ടംകറങ്ങുന്ന ഗ്രാമീണ ഇന്ത്യയുടെ നേര്‍ചിത്രമാകുകയാണ് ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശി പുരന്‍ ശര്‍മ്മ. നോട്ടുക്ഷാമത്താല്‍ വലഞ്ഞപ്പോള്‍ രണ്ടായിരം രൂപയ്ക്ക് വേണ്ടി വന്ധ്യംകരണത്തിന് വിധേയനാകേണ്ടി വന്ന ദുരവസ്ഥയാണ് ശര്‍മ്മയ്ക്ക് പറയാനുള്ളത്. കുടുംബാസൂത്രണ പരിപാടിയുടെ ഭാഗമായി വന്ധ്യംകരണത്തിന് വിധേയരാകുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്.

വന്ധ്യംകരണത്തിന് വിധേയനാകുന്ന പുരുഷന് രണ്ടായിരം രൂപയും സ്ത്രീയ്ക്ക് 1,400 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ജോലി ഇല്ലാത്തതിനാലും പണമില്ലാത്തതിനാലും അങ്ങേയറ്റം നിരാശനായിരുന്നു. അപ്പോഴാണ് സര്‍ക്കാറിന്റെ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള വന്ധ്യംകരണ ക്യാംപിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നത്. രണ്ടായിരം രൂപ ലഭിക്കുമെന്നും അറിഞ്ഞു. അതിനാല്‍ വന്ധ്യംകരണത്തിന് വിധേയനായെന്ന് പുരന്‍ ശര്‍മ പറഞ്ഞു.

എന്നാല്‍ ഭാര്യയെ വന്ധ്യംകരണത്തിന് വിധേയയാക്കാനാണ് ശര്‍മ്മ സര്‍ക്കാര്‍ ക്യാമ്പില്‍ എത്തിയിരുന്നത്. എന്നാല്‍ ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ബന്ധ പ്രകാരമാണ് ഭാര്യയ്ക്ക് പകരം പുരന്‍ ശര്‍മ്മ വന്ധ്യംകരണത്തിന് സമ്മതിച്ചതെന്ന് അലിഗഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ രൂപേന്ദ്ര ഗോയല്‍ പറയുന്നു.