X

വായ്പാ തട്ടിപ്പിലെ നിഷ്‌ക്രിയത്വം- എഡിറ്റോറിയല്‍

കുത്തക വ്യവസായികളും സ്ഥാപനങ്ങളും വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യത്തെ ബാങ്കുകളില്‍ വരുത്തിയിരിക്കുന്ന കുടിശ്ശിക 92570 കോടി രൂപയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ കുടിശ്ശിക വരുത്തിയ 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. വിവാദ വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുല്‍ ചോക്‌സി 7848 കോടിയുടെ വായ്പ തിരിച്ചടക്കാതെ പട്ടികയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ഇറ ഇന്‍ഫ്ര, റെയ്‌ഗോ അഗ്രോ കമ്പനികള്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. കുടിശ്ശിക കുമിഞ്ഞുകൂടുന്നതിനിടെ ഇത്തരം സ്ഥാപനങ്ങളുടെ 10.1 ലക്ഷം കോടിയുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളിയതായും സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി.

ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ രണ്ടു ലക്ഷം കോടിയുടെ വായ്പകള്‍ എഴുതി ത്തള്ളിയപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് 67000കോടി രൂപയും ഐ.സി.ഐ.സി.ഐ 50000 കോടിയും എച്ച്.ഡി.എഫ്.സി 34000 കോടിയുമാണ് എഴുതിത്തള്ളിയിരിക്കുന്നത്. തങ്ങളുടെ സ്വന്തക്കാരായ മുതലാളിമാരുടെ പേരിലുള്ള കോടികള്‍ എഴുതിത്തള്ളാന്‍ മോദിസര്‍ക്കാര്‍ ഒരു മടിയും കാണിക്കുന്നില്ല എന്നതാണ് ഈ കണക്കുകളിലൂടെ സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത്. സര്‍ക്കാറിന്റെ നയങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കാന്‍ തിടുക്കം കാണിക്കുന്ന നരേന്ദ്രമോദിയും കൂട്ടരും തന്നെയാണ് രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തിക്കൊണ്ടുപോകാന്‍ കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് സൗകര്യം ചെയ്ത്‌കൊടുക്കുന്നതിലൂടെ രാജ്യദ്രോഹപ്രവൃത്തികള്‍ക്ക് സൗകര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യാനുള്ള ഒരു സാധാരണ നടപടി മാത്രമാണ് ഈ എഴുതിത്തള്ളല്‍ എന്നാണ് സര്‍ക്കാറിനെ അനുകൂലിക്കുന്നവരുടെ ന്യായീകരണങ്ങള്‍. അങ്ങിനെയെങ്കില്‍ മുന്‍ കാലങ്ങളില്‍ ഇങ്ങനെ എഴുതിത്തള്ളിയ തുകകളില്‍ എത്രത്തോളം സര്‍ക്കാറിന് വീണ്ടെടുക്കാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ല. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം തള്ളിയത് 2.25 ലക്ഷം കോടിയും 2018-19 ല്‍ രണ്ടുലക്ഷം കോടിയുമാണ്. ഇതില്‍ ഒരു നയാപൈസപോലും ബാങ്കുകള്‍ക്ക് വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

ഒരുഭാഗത്ത് ഇങ്ങനെ കോടികള്‍ എഴുതിത്തള്ളുമ്പോള്‍ സാധാരണക്കാരെ വായ്പയുടെ പേരില്‍ സര്‍ക്കാര്‍ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ്. കുത്തകകള്‍ ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയതിലൂടെയും സര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളിലൂടെയും സാമ്പത്തിക രംഗം കൂപ്പുകുത്തുമ്പോള്‍ അതിന്റെ മുഴുവന്‍ പാപ ഭാരങ്ങളും പേറേണ്ടിവരുന്നത് രാജ്യത്തെ സാധാരണക്കാരാണെന്നതാണ് ഏറ്റവും വലിയ ദുര്യോഗം. സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ എന്നപേരില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് നിരന്തരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മെയ് സെപ്തംബര്‍ മാസങ്ങളിലായി മൂന്നു തവണയാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ കൃഷിക്കും ചെറുകിട വ്യവസായ സംരഭങ്ങള്‍ക്കുമെല്ലാം കുറഞ്ഞ തുകകള്‍ വായ്‌പെയടുത്ത സാധാരണക്കാര്‍ക്ക് പലിശ നിരക്കില്‍ വന്‍വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

അപ്രതീക്ഷിതമായുണ്ടായ ഈ നിരക്ക് വര്‍ധനവിലൂടെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിയതോടെ പലരുടെയും ലോണ്‍ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാങ്കുകള്‍ ഒരു നിമിഷം പോലും അമാന്തിച്ചുനില്‍ക്കുന്നുമില്ല. സര്‍ക്കാറാവട്ടേ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ബാങ്കുകളോടൊപ്പം നിലയുറപ്പിക്കുകയും ചെയ്യുകയാണ്. ബാങ്കുകളുടെ മുഖം നോക്കാതെയുള്ള നടപടിയില്‍ മനംനൊന്ത് ജീവനൊടുക്കിയവരുടെയും തകര്‍ന്നുപോയവരുടെയും എണ്ണത്തിന് കൈയ്യും കണക്കുമില്ല. കോടാനുകോടികള്‍ വായ്പാ കുടിശ്ശിക വരുത്തിയ ശതകോടീശ്വരന്‍മാര്‍ സൈ്വര്യ വിഹാരം നടത്തുന്ന ഒരു രാജ്യത്താണ് ആയിരങ്ങളുടെയും ലക്ഷത്തിന്റെയും പേരില്‍ സാധാരണക്കാര്‍ക്ക് ഈ ദുര്‍ഗതിയുണ്ടാവുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

സാമ്പത്തിക രംഗത്തെ തലതിരിഞ്ഞ നയത്തിലൂടെ രാജ്യം സാമ്പത്തികമായി പിന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഈ തിരിച്ചടിയുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് റിപ്പോ നിരക്കിന്റെ വര്‍ധനയാണ്. നോട്ടു നിരോധനം, ജി.എസ്.ടി നടപ്പാക്കിയതിലെ അശാസ്ത്രീയത തുടങ്ങിയവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ച സര്‍ക്കാര്‍ പക്ഷേ കോര്‍പറേറ്റുകള്‍ക്ക് എക്കാലവും വഴിവിട്ട സഹായങ്ങളാണ് നല്‍കിപ്പോരുന്നത്.

webdesk13: