കോഴിക്കോട്: മേയ് മാസത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവന്‍ അപഹരിക്കുകയും സംസ്ഥാനത്ത ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയും ചെയ്ത നിപ്പാ വൈറസ് ബാധ പാടെ തുടച്ചുനീക്കിയതായി സ്ഥിരീകരണം. നിപ്പക്കെതിരെ പോരാട്ടം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ആദരിക്കാന്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച യോഗത്തില്‍ മന്ത്രി കെ.കെ ശൈലജയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പാ രഹിത ജില്ലകളായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ടുമാസമായി നിപ്പ എന്ന അപൂര്‍വ വൈറസിന്റെ ഭീതിയിലായിരുന്നു. അതീവ സാംക്രമിക സ്വഭാവമുള്ള രോഗത്തെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് പിടിച്ചുകെട്ടാന്‍ നമുക്ക് സാധിച്ചു. നിപ്പയോടുള്ള യുദ്ധത്തില്‍ 17 വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടപ്പെട്ടു. മേയ് 31ന് ശേഷം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടര്‍ന്നിരുന്നു. തുടര്‍രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പാ രഹിത ജില്ലകളായി താല്‍്ക്കാലികമായി പ്രഖ്യാപിക്കുന്നു- മന്ത്രി അറിയിച്ചു.

നിപ്പാ വൈറസിന് എതിരെയുള്ള കേരളത്തിലെ പ്രതിരോധം ലോകാരോഗ്യ സംഘടനയുടെ വരെ പ്രശംസക്ക് പാത്രീഭവിച്ചിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

നിപ്പ വൈറസ് ബാധ ഇനി എവിടെയുണ്ടായാലും പ്രോട്ടോകോള്‍ കോഴിക്കോടിന്റേതായിരിക്കുമെന്ന് ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യന്‍ ഒന്നിക്കുന്നതിന്റെ കാഴ്ചയാണ് കോഴിക്കോട്ട് കണ്ടത്. നിപ്പ ബാധിച്ചുമരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പ്രത്യേകം ആളുകളെ തേടേണ്ടിവന്നില്ല. ഡോ. ഗോപകുമാര്‍ അതിന് നേതൃത്വം നല്‍കുകയായിരുന്നു. നിപ്പ ഭീതിയില്‍ ഡോക്ടര്‍മാര്‍ കൂടി ഉള്‍പ്പെട്ടിരുന്നു. പലരുടെയും സാമ്പിള്‍ പരിശോധന നടത്തി. ഫലം വരുന്നതുവരെ ആശങ്കയുടെ നൂല്‍പാലത്തിലായിരുന്നു അവരും. ഡോ. മുനീര്‍ പറഞ്ഞു.
മന്ത്രി എ.കെ ശശീന്ദ്രന്‍, ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സംസാരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, മലപ്പുറം ജില്ലാ കലക്ടര്‍ അമിത്മീണ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍ സരിത സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ നന്ദിയും പറഞ്ഞു. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ജില്ലാ ഭരണകര്‍ത്താക്കള്‍, ഡോക്ടര്‍മാര്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ആസ്പത്രികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജ സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.