പനജി: സുപ്രധാന കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. ബ്രിക്‌സ് ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും നിര്‍ണ്ണായക കരാറുകളില്‍ ഒപ്പുവെച്ചത്. രണ്ട് പുതിയ സുഹൃത്തുക്കളെക്കാള്‍ നല്ലത് ഒരു പഴയ സുഹൃത്താണെന്ന് മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും നടത്തിയ സംയുക്ത പ്രക്‌സാതവനയില്‍ വ്യക്തമാക്കി. 39,000 കോടിയുടെ എസ്-400 ട്രയംഫ് എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനമാണ് കരാറില്‍ പ്രധാനപ്പെട്ടത്. പ്രതിരോധ രംഗത്തെ കുതിച്ചുചാട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കമോവ് ഹെലികോപ്റ്ററുകളും നാല് യുദ്ധകപ്പലുകളും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുളള കരാറും ഒപ്പുവെച്ചിട്ടുണ്ട്. പുതിയ കരാറിലൂടെ പ്രതിരോധ മേഖലയില്‍ യൂറോപ്യന്‍ യൂണിയനേയും അമേരിക്കയേയും ഇന്ത്യയില്‍ നിന്ന് അകറ്റാന്‍ റഷ്യക്കായെന്നാണ് വിലയിരുത്തല്‍. എസ്-400 ട്രയംഫിന് വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു. 400 കിലോമീറ്റര്‍ വരെ അകലെയുളള ശത്രുപാളയങ്ങള്‍ തകര്‍ക്കുന്നതിനും മറ്റും ഈ മിസൈല്‍ ഉപകരിക്കും. അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനം തടയുന്നതിനും ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനും റഷ്യ പിന്തുണ നല്‍കി.