തിരുവനന്തപുരം: ഇന്ത്യന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിന് വേദിയാകുന്ന തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം കാണികള്‍ക്കായി തുറന്നുകൊടുത്തു. മൂന്ന് മണിയോടെയാണ് സ്‌റ്റേഡിയത്തിനകത്തേക്ക് കാണികളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിര്‍ണായക മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഴ ഭീഷണി ശക്തമായി തുടരുന്നുണ്ട്. ഉച്ചയോടെ സ്ഥലത്ത് ചാറ്റല്‍മഴ തുടരുന്നുണ്ട്.

29 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കാണാന്‍ വന്‍ ജനബാഹുല്യമാണ് തിരുവനന്തപുരത്ത് എത്തിയിട്ടുളളത്. രാത്രി ഏഴുമണിക്ക് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ തുടങ്ങുന്ന മത്സരത്തിനായി ഇന്ത്യയുടെയും ന്യൂസിലന്‍ഡിന്റെയും ടീമുകള്‍ രണ്ട് ദിവസം മുമ്പേ ചാര്‍ട്ടേഡ് വിമാനത്തില്‍ നഗരത്തിലെത്തിയിരുന്നു. 45,000 ത്തോളം കാണികള്‍ക്കാണ് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതിനോടകം മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. ഓണ്‍ലൈനിലൂടെ മാത്രം 20,000 ത്തോളം ടിക്കറ്റുകളാണ് വിറ്റത്.

ഇന്നലെ രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായി മഴ പെയ്തിട്ടും വൈകുന്നേരം വളരെ വേഗത്തില്‍ തന്നെ മൈതാനത്തെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാന്‍ സാധിച്ചു. ഔട്ട്ഫീല്‍ഡില്‍ ഇന്നലെ വെള്ളം തളം കെട്ടി നിന്നിരുന്നു. എന്നാല്‍ ഇതെല്ലാം ഒഴുക്കി കളയാന്‍ സാധിച്ചതോടെ പിച്ചില്‍ കളി നടക്കുമെന്ന് ഉറപ്പായി. ഇന്ന് വൈകുന്നേരം വരെ മഴ പെയ്താലും കളി നടക്കുമെന്നാണ് സ്‌റ്റേഡിയം അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതോടെ കളിക്കിടയില്‍ മഴ പെയ്താല്‍ മാത്രമേ കളി തടസ്സപ്പെടുകയുള്ളൂവെന്ന് തീര്‍ച്ചയായി.
കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാത്ത ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമാണു സ്‌റ്റേഡിയത്തിലുള്ളത്. എപ്പോള്‍ മഴ അവസാനിച്ചാലും 15 മിനിട്ടുനുള്ളില്‍ മത്സരത്തിന് സ്‌റ്റേഡിയം സജ്ജമാക്കാമെന്ന സംഘാടകരുടെ ഉറപ്പില്‍മേല്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

ജയിക്കുന്ന ടീമിന് പരമ്പര നേടാമെന്നതിനാല്‍ ഒരു ഫൈനലിന്റെ മുഴുവന്‍ ആവേശവും ഇന്നത്തെ മത്സരത്തിനുണ്ട്. ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 53 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയത്. രാജ്‌കോട്ടില്‍ ആധികാരിക ജയത്തോടെസന്ദര്‍ശകര്‍ ഒപ്പമെത്തി.
പുതിയ സ്‌റ്റേഡിയവും പിച്ചുമായതിനാല്‍ ടോസ് നിര്‍ണായകമാണ്. കഴിഞ്ഞു രണ്ട് മത്സരങ്ങളിലും കിവീസിനായിരുന്നു ടോസ് ഭാഗ്യം. രണ്ടു കളികളിലും ആദ്യം ബാറ്റ് ചെയ്ത ടീം അടിച്ചുതകര്‍ക്കുകയും പടുകൂറ്റന്‍ സ്‌കോര്‍ നേടി എതിരാളിയെ പ്രതിരോധത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ബാറ്റിംഗിന് അനുകൂലമായ ഗ്രീന്‍ഫീല്‍ഡില്‍ വന്‍ സ്‌കോര്‍ പിറക്കും എന്നാണ് കരുതുന്നത്. അതിവേഗ ഔട്ട്ഫീല്‍ഡും ഈര്‍പ്പമുള്ള കാലാവസ്ഥയും രണ്ടാമത് ബാറ്റിങ് ദുഷ്‌കരമാക്കും.

ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം എന്നതിനൊപ്പം കേരളത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ടി20 മത്സരവും ഇതാണെന്ന പ്രത്യേകതയുമുണ്ട്. രാത്രി ഏഴിന് മത്സരം ആരംഭിക്കും. ഞായറാഴ്ച രാത്രിയിലാണ് ഇരുടീമുകളും തിരുവനന്തപുരത്തെത്തിയത്. നിരന്തര മത്സരവും യാത്രക്ഷീണവുമായതിനാല്‍ തിങ്കളാഴ്ച ഇരു ടീമുകളും സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയില്ല.