ന്യൂഡല്‍ഹി: ടൈം മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയില്‍ എ.ബി.വി.പിക്കെതിരെ ഫേസ്ബുക്ക് ക്യാംപയിന്‍ നയിച്ച ഗുര്‍മെഹര്‍ കൗറും. അഭിയപ്രായ സ്വാതന്ത്ര്യ പോരാളി എന്നാണ് കൗര്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. കൗര്‍ അടക്കം പത്തു പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. പട്ടികയില്‍ രണ്ടാമതാണ് കൗര്‍.

ഫെബ്രുവരിയില്‍ ഡല്‍ഹി സര്‍വകലാശാലയിക്ക് കീഴിലെ രാംജാസ് കോളജില്‍ എ.ബി.വി.പി അഴിച്ചുവിട്ട അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ് 20 കാരിയെ ശ്രദ്ധേയയാക്കിയത്. ‘ഞാന്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്. എ.ബി.വി.പിയെ പേടിയില്ല. ഞാന്‍ ഒറ്റക്കല്ല’ എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച ചിത്രം പോസ്റ്റ് ചെയ്താണ് ഇവര്‍ സംഘടനയുടെ അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നത്. ഇന്ത്യ-പാക് യുദ്ധത്തെ പരാമര്‍ശിച്ച് പാകിസ്താനല്ല തന്റെ പിതാവിനെ കൊന്നതെന്നും യുദ്ധമാണെന്നും അവര്‍ നടത്തിയ പ്രസ്താവന ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൗറിന്റെ നിലപാടുകള്‍ക്ക് പിന്നാലെ ആവിഷ്‌കാര സ്വാതന്ത്ര്യം വലിയ ചര്‍ച്ചയായിരുന്നു. ആരാണ് ഈ പെണ്‍കുട്ടിയുടെ മനസ്സ് മലിനപ്പെടുത്തുന്നത് എന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ചോദിക്കുന്നതു വരെ എത്തിയിരുന്നു കാര്യങ്ങള്‍. കാര്‍ഗില്‍ രക്തസാക്ഷി ജവാന്‍ മന്‍ദീപ് സിങിന്റെ മകളാണ് ഗുര്‍മെഹര്‍. ലേഡി ശ്രീറാം കോളജില്‍ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയാണ്.