ന്യൂഡല്‍ഹി: ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യമെങ്ങും ചൂടു പിടിക്കുന്നതിനിടെ, ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സംശയം ജനിപ്പിക്കുന്നതാണെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേശി. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച നടത്താനിരിക്കുന്ന ഗുജറാത്ത് സന്ദര്‍ശനത്തെ ബാധിക്കാതിരിക്കാനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്ന ആരോപണം ശരിവെക്കുന്നതാണ് ഖുറേശിയുടെ നിലപാടുകള്‍.

”ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഗുജറാത്തില്‍ പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടാണ്. മോദിയുടെ അടുത്തയാഴ്ചത്തെ ഗുജറാത്ത് സന്ദര്‍ശനം സ്വാഭാവികമായി സംശയത്തിന്റെ മുനയിലാകുന്നുണ്ട്”
എസ്.വൈ ഖുറേശി

നിലവിലെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത് 2018 ജനുവരിയിലാണ്. ദിവസങ്ങളുടെ മാത്രം വ്യത്യാസമേ ഇക്കാര്യത്തിലുള്ളൂ. സാധാരണ ഗതിയില്‍ ആറു മാസം വരെ കാലയളവുകളിലുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതും ഒരുമിച്ച് പ്രഖ്യാപിക്കുന്നതുമാണ് കമ്മീഷന്റെ രീതി. ഇതില്‍ നിന്ന് ഭിന്നമായാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഗുജറാത്തില്‍ വൈകിപ്പിക്കുകയും ചെയ്തത്.

നിര്‍ഭാഗ്യകരമായ നടപടി എന്നാണ് എസ്.വൈ ഖുറേശി ഇതിനെ വിശേഷിപ്പിച്ചത്. ഒരുമിച്ചു തെരഞ്ഞെടുപ്പ് നടത്തുക എന്ന വികാരത്തിന് വിരുദ്ധമാണ് കമ്മീഷന്‍ നടപടി. ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഗുജറാത്തില്‍ പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടാണ്. ഇക്കാര്യത്തില്‍ അവര്‍ നല്ല വിശദീകരണം നല്‍കേണ്ടിയിരിക്കുന്നു. മോദിയുടെ അടുത്തയാഴ്ചത്തെ ഗുജറാത്ത് സന്ദര്‍ശനം സ്വാഭാവികമായി സംശയത്തിന്റെ മുനയിലാകുന്നുണ്ട്- ഖുറേശി പറഞ്ഞു.

ഗാന്ധി നഗറിനു സമീപം ഭാട്ട് വില്ലേജില്‍ ബി.ജെപിയുടെ ബൂത്ത്‌ലെവല്‍ പ്രവര്‍ത്തകരെ മോദി അഭിംസംബോധന ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിരവധി ജനകീയ പദ്ധതികള്‍ ഗുജറാത്ത് സന്ദര്‍ശനത്തില്‍ മോദി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വരും. അതുകൊണ്ടുതന്നെ ജനകീയ പദ്ധതികള്‍ പ്രഖ്യാപിക്കുകയെന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനോദ്ദേശ്യം നടപ്പാകില്ല. ഇത് മുന്‍കൂട്ടി കണ്ട് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും സമ്മര്‍ദ്ദം ചെലുത്തിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവെപ്പിച്ചതെന്നാണ് ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലുള്ളതാണ് എസ്.വൈ ഖുറേശിയുടെ വാക്കുകളും.

വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ ഭൗതിക സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതെന്നായിരുന്നു ഇതിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണല്‍ അചല്‍ കുമാര്‍ ജ്യോതി നല്‍കിയ വിശദീകരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്ന സൂചന കൂടിയാണ് ഖുറേശിയുടെ വാക്കുകളിലുള്ളത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. മോദിയുടെ ഇംഗിതത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.