ഡോ. രാംപുനിയാനി

ഹൈന്ദവ ദേശീയവാദികളുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഹിന്ദു രാഷ്ട്രമെന്നത്. ഇതിനെ ഹിന്ദുത്വ എന്നും വിളിക്കാം. ഹിന്ദു മതത്തില്‍ നിന്നു വ്യത്യസ്തമായി ഹിന്ദുത്വ എന്നത് ബ്രാഹ്മണിസത്തോടു കൂടിയ ഹിന്ദു മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമാണ്. ഹിന്ദുത്വയുടെ പുറംതോട് ജാതി, ലിംഗ പൗരോഹിത്യത്തോടെയുള്ള ബ്രാഹ്മണ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ്. ഹിന്ദുത്വ, ഹിന്ദു ദേശീയത എന്ന ആശയം ആധുനികമായ ഒന്നാണ്. ഇസ്‌ലാമിക ദേശീയതക്ക് ബദലായാണ് ഇത് വികസിച്ചത്. ഇതാകട്ടെ ഇന്ത്യന്‍ ദേശീയതയെന്ന ആശയത്തിന് എതിരുമാണ്. കോളനി വാഴ്ചാ കാലഘട്ടത്തിലാണ് ഇന്ത്യന്‍ ദേശീയത വളര്‍ന്നത്. വിവിധ ജാതി, ഭാഷ, പ്രാദേശിക വ്യത്യാസമില്ലാതെ എല്ലാ മത വിശ്വാസികളിലും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ അടിസ്ഥാനമായി മുഴുവന്‍ ജനങ്ങളിലും അന്തര്‍ലീനമായിരുന്നു ഇന്ത്യന്‍ ദേശീയത.
ഹിന്ദു ഭൂ പ്രഭുക്കരുടെയും രാജാക്കന്മാരുടെയും അവരുമായി ബന്ധപ്പെട്ട സന്യാസിമാരുടെയും സമുദായമായാണ് ഹിന്ദു ദേശീയത വികസിച്ചത്. ഇന്ത്യന്‍ ദേശീയത മുഴുവന്‍ ജനങ്ങള്‍ക്കും (മുന്‍ ഭരണാധികാരികളും സാമൂഹികമായി ഭീഷണി നിലനില്‍ക്കുന്നവരുമുള്‍പെടെ) തുല്യത ഉറപ്പുനല്‍കുന്നു. ഇപ്പോള്‍ അവരുടെ സാമൂഹികമായ പ്രത്യേകാവകാശം ഭീഷണി നേരിടുകയാണ്. അതിനാല്‍ അവര്‍ ‘ഹിന്ദു മതം അപകടത്തിലാ’ണെന്ന് അലമുറയിട്ട് യുദ്ധ പ്രഖ്യാപനം നടത്തുന്നു. മുസ്‌ലിം ഭൂ പ്രഭുക്കളും നവാബുമാരും അവരുടെ സാമൂഹിക നില ഇടിയുമ്പോള്‍ ഇസ്‌ലാം അപകടാവസ്ഥയിലാണെന്ന് വിലപിക്കുന്നതുപോലെയാണ് ഇവരുടെ കരച്ചില്‍.
സമൂഹത്തില്‍ ജാതി വ്യവസ്ഥ ആഴത്തില്‍ വേരോടിയ പുരാണ കാലഘട്ടത്തിലെ മനുസ്മൃതിയുടെയും വേദങ്ങളുടെയും പ്രതാപങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുകയാണ് ഹിന്ദു ദേശീയത. എന്നാല്‍ അവര്‍ക്ക് ഒരിക്കലും ശരിയായി നടപ്പാക്കാന്‍ കഴിയുമായിരുന്നില്ലാത്ത ഭൂ പരിഷ്‌കരണത്തിന്റെ ആവശ്യം ഉയര്‍ത്തിക്കാട്ടുകയാണ് ദേശീയ പ്രസ്ഥാനം. പുരാണ സമ്പ്രദായങ്ങള്‍ ഊന്നിപ്പറയുന്ന ഹിന്ദു ദേശീയത സാമൂഹിക അസമത്വമെന്ന അവരുടെ അജണ്ട മറച്ചുവെക്കുകയാണ്. അക്കാലഘട്ടത്തില്‍ സ്ത്രീകളുടെയും ദലിതരുടെയും സ്ഥി വളരെ മോശമായ അവസ്ഥയിലായിരുന്നിട്ടും മഹത്തായ ഒരു യുഗമെന്ന് പറഞ്ഞ് അതിനെ പുനരുജ്ജീവിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്.
ദേശീയ പ്രസ്ഥാനം ജനാധിപത്യ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്നും അതിന്റെ മൂല്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന രൂപത്തിലായിരിക്കണമെന്നുമാണ് ഭൂരിപക്ഷം ഹിന്ദുക്കളും ആഗ്രഹം പ്രകടിപ്പിച്ചത്. ഹിന്ദു ദേശീയവാദികള്‍ ഈ മൂല്യങ്ങളെയും ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്നതിനെയും എതിര്‍ക്കുകയും ജന്മിത്വ സമ്പ്രദായത്തിലെ അടിമത്തത്തില്‍ നിന്നു മുഴുവന്‍ ആളുകളെയും മോചിപ്പിക്കുന്നതിനു വേണ്ടി മാത്രമല്ല ഇത് നിലനില്‍ക്കുന്നതെന്നും ഹിന്ദുക്കളിലെ വലിയൊരു വിഭാഗത്തിനു (ഉയര്‍ന്ന ജാതിക്കാര്‍ ഒഴികെ) ഇത് വിമോചനത്തിന്റെ പാതയാണെന്നും അവരുടെ പ്രാമുഖ്യം നഷ്ടപ്പെടുന്നതിനു വേണ്ടി നിലകൊള്ളുകയാണെന്നും കരുതി. ഹിന്ദുക്കളിലെ നല്ലൊരു വിഭാഗം സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായെങ്കില്‍ അവരില്‍ ഒരു കൂട്ടം ഭൂരിഭാഗം ഹിന്ദുക്കളും ഉള്‍പ്പെടെ എല്ലാ ജനവിഭാഗത്തെയും മോചിപ്പിക്കുന്നതിനുള്ള പാതയില്‍ നിന്നകന്ന് ഹിന്ദു രാഷ്ട്രമെന്ന ആശയവുമായി ഒത്തുപോകുകയായിരുന്നു. അവരുടെ നിലപാട് ഭൂരിഭാഗം ഹിന്ദുക്കളും ഹിന്ദു രാഷ്ട്രമെന്ന ആശയത്തെ എതിര്‍ക്കുന്നതിന് കാരണമായി.
ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും ഇന്ത്യയില്‍ എല്ലാവരും സ്ഥിതി സമത്വം അനുഭവിക്കുന്നവരായിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ജീവിതകാലമത്രയും പ്രയത്‌നിക്കുന്നതെന്നാണ് ആ സമയത്തെ പ്രമുഖ ഹിന്ദു മതവിശ്വാസിയായിരുന്ന മഹാത്മാഗാന്ധി പറഞ്ഞത്. മതം ദേശീയതാ പരിശോധനക്കുള്ളതല്ല, പക്ഷേ അത് വ്യക്തിയും ദൈവവും തമ്മിലുള്ള തികച്ചും വ്യക്തിപരമായ കാര്യമാണ്. ഓരോ വ്യക്തിയുടെയും വ്യക്തിപരമായ കാര്യമാണ് മതം. ഇത് ഒരിക്കലും രാഷ്ട്രീയവുമായോ ദേശീയ കാര്യങ്ങളുമായോ കൂട്ടിക്കുഴയ്ക്കരുത്- ഇതായിരുന്നു ഗാന്ധിജിയുടെ നിലപാട്.
സ്വാതന്ത്ര്യത്തിനു ശേഷം ഹിന്ദു ദേശീയവാദ പ്രസ്ഥാനത്തിന്റെ അനുയായികള്‍ വളരെ കുറവായിരുന്നുവെങ്കിലും ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാന സ്തംഭമായ സാഹോദര്യം തകര്‍ക്കാനാണ് അവര്‍ പ്രവര്‍ത്തിച്ചത്. മത ന്യൂനപക്ഷങ്ങള്‍ക്കെതിരില്‍ അവര്‍ വിദ്വേഷം വളര്‍ത്തിയെടുത്തു. ഈ വിദ്വേഷം വരും കാലങ്ങളില്‍ വര്‍ഗീയ കലാപത്തിനു അടിത്തറ പാകുന്നതായി മാറി. ആധുനിക വിദ്യാഭ്യാസവും വ്യവസായങ്ങളുമായി പുത്തന്‍ ഇന്ത്യയുടെ നിര്‍മ്മാണത്തിനായി ഭൂരിപക്ഷ ഹിന്ദുക്കളും ദേശീയ നയങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ ഹിന്ദു ദേശീയവാദികള്‍ ഇതിനെ വിമര്‍ശിക്കുകയും വികസന നയങ്ങളെ എതിര്‍ക്കുകയുമാണ് ചെയ്തത്. ഭൂരിഭാഗം ഹിന്ദുക്കളും ബ്രഡും നെയ്യും കിടക്കാന്‍ ഇടവും തൊഴിലും മാന്യമായ ജീവിതവും നേടിയെടുക്കുകയെന്ന പ്രശ്‌നത്തെ നേരിട്ടപ്പോള്‍ ഹിന്ദു ദേശീയവാദികള്‍ മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനുള്ള വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. ഹിന്ദു മതത്തിന്റെയും ഹിന്ദുക്കളുടെയും പേരിലുള്ള ഭ്രാന്തമായ ഈ ആവേശം ഹിന്ദുക്കളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കാതെ പോകുകയും അവരെ വ്യക്തിത്വത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കുകയും ചെയ്തു വെന്നതാണ് അതിന്റെ ഫലം.
ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പൗരോഹിത്യം, കര്‍മ്മകാണ്ഡം തുടങ്ങിയ കോഴ്‌സുകള്‍ അവതരിപ്പിച്ച് അന്ധവിശ്വാസങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള വഴികള്‍ തുറന്നിരിക്കുകയാണ്. അവരുടെ പിന്തിരിപ്പന്‍ ആശയങ്ങളും ഇടുങ്ങിയ ചിന്താഗതികളും വര്‍ധിക്കുമ്പോഴും ശരാശരി ഹിന്ദുക്കളുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ അട്ടിമറിക്കുമ്പോഴും അന്ധവിശ്വാസങ്ങളുടെ പിടിയില്‍ നിന്ന് ഹിന്ദുക്കളെ മോചിപ്പിക്കേണ്ടത് ആവശ്യമാണ്.
ബി.ജെ.പി-ആര്‍.എസ്.എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനിടയില്‍ സ്വത്വ പ്രശ്‌നം വളരെ രൂക്ഷമായിട്ടുണ്ട്. ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അട്ടിമറിക്കാനുള്ള ശ്രമവും നടന്നു. മുഴുവന്‍ വിജയത്തിലെത്തിയില്ലെങ്കിലും ഭൂ പരിഷ്‌കരണത്തിന്റെ പേര് പറഞ്ഞ് കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കവുമുണ്ടായി. ഭൂ പരിഷ്‌കരണ നിയമങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശ്രമം ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ്. ഹിന്ദു ദേശീയവാദികള്‍ കൊണ്ടുവന്ന തൊഴില്‍ പരിഷ്‌കരണങ്ങള്‍ വന്‍തോതില്‍ തൊഴിലാളികളുടെ ജീവിതം തകര്‍ത്തു. കള്ളപ്പണക്കാരെ പ്രഹരിക്കുന്നതിനാണ് നോട്ട് അസാധുവാക്കല്‍ നടപടിയെന്ന് പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഇര ശരാശരി ഹിന്ദുക്കളായിരുന്നു. നിശബ്ദമായി അവരത് സഹിച്ചു. രാമ ക്ഷേത്രം, ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, പശു സംരക്ഷണം, ലവ് ജിഹാദ്, ഘര്‍വാപസി തുടങ്ങി സാമൂഹിക രംഗത്ത് വൈകാരിക പ്രശ്‌നങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കപ്പെട്ടു. ഹിന്ദു ദേശീയവാദികളുടെ അജണ്ട നടപ്പാക്കാന്‍ ജാഗ്രതാ സംസ്‌കാരം പ്രോത്സാഹിപ്പിക്കപ്പെട്ടു. ഈ നയങ്ങളുടെ ഗുണഭോക്താക്കള്‍ ഉന്നത, ഇടത്തരം വിഭാഗത്തിലെ സമ്പന്ന കോര്‍പറേറ്റ് മേഖലയായിരുന്നു. അതേസമയം ശരാശരി ഹിന്ദുക്കള്‍ വേദനയും മനപ്രയാസവും അനുഭവിച്ചു.
സമൂഹത്തില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പഴയകാല മൂല്യങ്ങള്‍ തകര്‍ക്കപ്പെടുകയാണ്. ദാരിദ്ര്യം, നിരക്ഷരത, പട്ടിണി, ആരോഗ്യം എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ നയനിര്‍മ്മിതിയുടെ പരിധിക്കപ്പുറത്തേക്ക് പുറംതള്ളപ്പെടുന്നു. ഇതെല്ലാം ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. ഈ അജണ്ടയുടെ വലിയ ഇരകളാണ് ശരാശരി ഹിന്ദുക്കള്‍.