ഡല്‍ഹി: ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്പറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതി തുടരുന്നുണ്ട്. ഇത് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി.

ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ യഥാര്‍ത്ഥ കോണ്‍ടാക്ട് നമ്പര്‍ ലഭിക്കാതെ വരുന്നുണ്ട്. അതായത് ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ പിആര്‍എസ് (പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം)സംവിധാനത്തില്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വരുന്നു. ഇതുമൂലം ട്രെയിന്‍ യാത്രയുടെ വിവരങ്ങള്‍ എസ്എംഎസ് ആയി യഥാസമയം യാത്രക്കാര്‍ക്ക് ലഭിക്കാതെ വരുന്ന സ്ഥിതിയുണ്ട്. ട്രെയിന്‍ റദ്ദാക്കല്‍, വൈകല്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുന്നതിനാണ് തടസം നിലനില്‍ക്കുന്നത്. ഇത് പരിഹരിക്കാനാണ് റെയില്‍വേയുടെ ഇടപെടല്‍.

റെയില്‍വേയുടെ വിവരങ്ങള്‍ കൃത്യമായി അറിയാന്‍ സ്വന്തം നമ്പര്‍ ഉപയോഗിച്ച് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേ നിര്‍ദേശിച്ചു. ഇതുവഴി ട്രെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഉടന്‍ തന്നെ കൈമാറാന്‍ സാധിക്കുമെന്നും റെയില്‍വേ അറിയിച്ചു.