മുംബൈ: അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പിടികൂടിയ ഇന്ത്യന്‍ സൈനികന്‍ ചന്ദു ചവാനെ പാകിസ്താന്‍ സൈന്യം മോചിപ്പിക്കുന്നു. ചന്ദു ചവാന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിനു ശേഷം ഇദ്ദേഹത്തെ വിട്ടയക്കുമെന്നും പാകിസ്താന്‍ അറിയിച്ചതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭംറെ പറഞ്ഞു.

സൈനിക ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.എം.ഒ) തലത്തില്‍ ചന്ദു ചവാന്റെ മോചനത്തിനു വേണ്ടി ഇന്ത്യ ശ്രമങ്ങള്‍ നടത്തി വരികയാണ്. ഈ വിഷയത്തില്‍ പാകിസ്താനി ഡി.ജി.എം.ഒയുമായി 20 തവണയോളം ഇന്ത്യ ആശയ വിനിമയം നടത്തിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് ഈ വിഷയത്തില്‍ അവസാനമായി ചര്‍ച്ച നടത്തിയത്. ചന്ദു ചവാന്റെ ചോദ്യം ചെയ്യല്‍ അവസാന ഘട്ടത്തിലാണെന്നും ഉടന്‍ വിട്ടയക്കുമെന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സൈനികന്റെ മോചന കാര്യത്തില്‍ പാകിസ്താന്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മോചനം സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അറിയിക്കാറുണ്ടെന്നും ചന്ദു ചവാന്റെ സഹോദരന്‍ ഭൂഷണ്‍ ചവാന്‍ പറയുന്നു.

2016 സെപ്തംബര്‍ 30-നാണ് ഡ്യൂട്ടിക്കിടെ ചന്ദു ചവാന്‍ അശ്രദ്ധ കാരണം അതിര്‍ത്തി ഭേദിച്ച് പാകിസ്താന്‍ മണ്ണിലെത്തിയത്. വഴി തെറ്റിയ ഇദ്ദേഹത്തെ പാക് സൈന്യം പിടികൂടുകയായിരുന്നു.