അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 ക്രിക്കറ്റിലെ തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് രണ്ടാം മത്സരത്തില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിന്റെ ആവേശത്തില്‍ ഇന്ത്യ. ഈ ഉണര്‍വോടെ ചൊവ്വാഴ്ച വൈകീട്ട് ഏഴുമുതല്‍ മൂന്നാം ട്വന്റി 20 മത്സരത്തിനിറങ്ങുന്നു. രണ്ടാം മത്സരത്തില്‍ ഓപ്പണറായി ഇറക്കിയ ഇഷാന്‍ കിഷന്‍ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയത് ടീം മാനേജമെന്റിന് വലിയ സംതൃപ്തി നല്‍കുന്നു. മൂന്നാം ട്വന്റി 20 യില്‍, കെ.എല്‍. രാഹുലിനു പകരം ഓപ്പണര്‍ രോഹിത് ശര്‍മ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറും ബൗള്‍ ചെയ്യാന്‍ തുടങ്ങിയതോടെ മറ്റൊരു ബാറ്റ്‌സ്മാനെ ഇറക്കാനുമായി. ഈ സാഹചര്യത്തില്‍ അക്സര്‍ പട്ടേലിനെ മാറ്റിനിര്‍ത്തിയതുകൊണ്ടാണ് ഞായറാഴ്ച സൂര്യകുമാര്‍ യാദവിന് അവസരം കിട്ടിയത്.രണ്ടാം ട്വന്റി 20 യില്‍ ബൗളിങ്ങിന് കൂടുതല്‍ സമയം എടുത്തതിന് ഇന്ത്യന്‍ ടീമിന് മാച്ച് ഫീസിന്റെ 20 ശതമാനം പിഴ വിധിച്ചു. കോവിഡ് വര്‍ധിച്ചു വരുന്നതിന്റെ സാഹചര്യത്തില്‍ പരമ്പരയിലെ ബാക്കിയുള്ള മൂന്ന് മത്സരങ്ങളും ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് നടക്കുക.