ന്യൂഡല്‍ഹി: നിത്യോപയോഗ സാധനങ്ങളുടേയും നിര്‍മാണ സാമഗ്രികളുടേയും വിലയിലുണ്ടായ കുതിപ്പിന്റെ ചുവടു പിടിച്ച് രാജ്യത്ത് മൊത്തവിലപ്പെരുപ്പം കുതിച്ചുയരുന്നു. ഒക്ടോബറിലെ കണക്കനുസരിച്ച് മൊത്ത വിലപ്പെരുപ്പം 12.54 ശതമാനമാണെന്ന് വാണിജ്യ – വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

ജുലൈയില്‍ 11.39 ശതമാനവും ഓഗസ്റ്റില്‍ 11.64 ശതമാനവുമായിരുന്ന വിലപ്പെരുപ്പം സെപ്തംബറില്‍ 10.66 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഇതാണിപ്പോള്‍ 12.54ലേക്ക് കുതിച്ചു കയറിയത്. ഭക്ഷ്യ എണ്ണ, ലോഹം, ഭക്ഷ്യോത്പന്നങ്ങള്‍, പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, രാസവളം എന്നിവയുടെ വിലയിലുണ്ടായ കുതിപ്പാണ് വിലപ്പെരുപ്പ സൂചികയില്‍ പ്രതിഫലിച്ചത്.