ലുഖ്മാന്‍ മമ്പാട്

വിശ്വാസത്തിന്റെ മറവില്‍ സംഘ്പരിവാര്‍ നടത്തുന്ന വൃത്തികെട്ട കളിയാണ് വഖഫ് ആയുധമാക്കി ലീഗും നടത്തുന്നത്. ദേവസ്വം ബോര്‍ഡ് മാതൃകയില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മതി എന്ന് പറയുന്നതും ശരിയല്ല. നൂറുക്കണക്കിന് ക്ഷേത്രങ്ങളിലേക്കാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. വഖഫില്‍ 112 നിയമനമേയുള്ളൂ.- ദേശാഭിമാനി, 2021 നവംബര്‍ 14

1977ല്‍ പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വരുമ്പോള്‍ മുസ്‌ലിം സമുദായം വിവിധ തസ്തികകളില്‍ മൂന്നു മുതല്‍ 11 ശതമാനം വരെയാണ് സര്‍ക്കാര്‍ ജോലിയില്‍ ഉണ്ടായിരുന്നത്. മൂന്നര പതിറ്റാണ്ടോളം സി.പി.എം ബംഗാള്‍ ഭരിച്ചപ്പോള്‍ സര്‍ക്കാര്‍ ജോലിയിലെ മുസ്‌ലിം പ്രാതിനിധ്യം അര ശതമാനം മുതല്‍ മൂന്നു ശതമാനം വരെയായി താഴ്ന്നു. 25000 ഏക്കറിലധികം വഖഫ് ഭൂമി അന്യാധീനപ്പെട്ടു. മുസ്‌ലിംകള്‍ പട്ടിക വര്‍ഗക്കാരേക്കാള്‍ പിന്നാക്കമായി. മുസ്‌ലിംകളുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ ചെയര്‍മാനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ രേഖയാണിത്.

കേരളത്തിലെ മുസ്‌ലിംകള്‍ എല്ലാം തികഞ്ഞവരാണെന്നും മറ്റുള്ളവരുടേത്കൂടി തട്ടിയെടുക്കുന്നുവെന്നും സി.പി.എം ഒളിഞ്ഞും ബി.ജെ.പി തെളിഞ്ഞും പ്രചരിപ്പിച്ചതെല്ലാം നുണകള്‍ മാത്രമാണെന്ന് സച്ചാര്‍ അടിവരയിട്ടു. കേരള ന്യൂനപക്ഷങ്ങളിലെ 57 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് ന്യൂനപക്ഷ/പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളില്‍ 22 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂവെന്നും ദരിദ്രരില്‍ 24 ശതമാനം മുസ്ലിം സമുദായാംഗങ്ങളാണെന്നും മറ്റ് ന്യൂനപക്ഷങ്ങള്‍ ദരിദ്രരില്‍ ഒമ്പതു ശതമാനം മാത്രമാണെന്നും പറയുന്നു. ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായിട്ടും സര്‍ക്കാര്‍ സര്‍വീസില്‍ 10.4 ശതമാനം മാത്രമേ പ്രാതിനിധ്യമുള്ളൂവെന്നും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരില്‍ 30.8 ശതമാനം മുസ്ലിംകളാണെന്നും സര്‍ക്കാര്‍ പദ്ധതികളില്‍ അഞ്ച് മുതല്‍ 16 ശതമാനം വരെ പ്രയോജനം മാത്രമേ മുസ്ലിംകള്‍ക്ക് ലഭിക്കുന്നുള്ളൂവെന്നും കണക്കുകള്‍ നിരത്തി സച്ചാര്‍ റിപ്പോര്‍ട്ട് വിളിച്ചുപറഞ്ഞു.

എന്നാല്‍, ഇതു പരിഗണിക്കാതെ മുസ്ലിംകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വേണ്ടിയെന്ന രീതിയില്‍ 2007 സെപ്തംബര്‍ 24ന് പാലോളി മുഹമ്മദ്കുട്ടി ചെയര്‍മാനായ 11 അംഗ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാര്‍. സച്ചാര്‍ കമ്മിറ്റി കേരളത്തെ കുറിച്ച് രേഖപ്പെടുത്തിയതൊന്നുപോലും തെറ്റാണെന്ന് സ്ഥാപിക്കാന്‍ പാലോളി കമ്മിറ്റിക്കു സാധിച്ചില്ല. പക്ഷേ, 2008 ഓഗസ്റ്റ് 16ന് രൂപീകരിച്ചത് മുസ്ലിം ക്ഷേമ സെല്ല് അല്ല; ന്യൂനപക്ഷ സെല്ലാണ്. 2011 ജനുവരി ഒന്നിന് ന്യൂനപക്ഷ ക്ഷേമ വകുപ്പായി അതിനെ മാറ്റിയതോടെ ന്യൂനപക്ഷ പദ്ധതി എന്നതു മാത്രമായി അത്. 2011 ഫെബ്രുവരി 22ന് സ്‌കോളര്‍ഷിപ്പും ഹോസ്റ്റല്‍ സ്റ്റൈപ്പന്റും 80:20 അനുപാതത്തില്‍ മുസ്ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും കൊടുക്കണമെന്നു അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഹൈക്കോടതി പാടെ റദ്ദാക്കിയതും മുമ്പിലുണ്ട്. തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സച്ചാര്‍-പാലോളി കമ്മിറ്റി ശുപാര്‍ശയുടെ പശ്ചാത്തലത്തിലാണ് 2013 മാര്‍ച്ച് 22ന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ രൂപീകരിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ ന്യൂനപക്ഷ വകുപ്പ് ഭരിക്കാന്‍ മുസ്‌ലിം പേരുള്ളൊരാള്‍ അയോഗ്യനാണെന്ന് പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയായി, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ തലപ്പത്തും അതു നടപ്പാക്കി. ചെയര്‍മാനുപുറമെ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെ ഏഴില്‍ മൂന്നു ഡയറക്ടര്‍മാരും ക്രിസ്തീയ സമുദായത്തില്‍ നിന്നുള്ളവരാണിപ്പോള്‍. വകുപ്പ് മന്ത്രി, ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ എന്നിവയിലൊന്നു പോലും മുസ്‌ലിംകള്‍ ഇല്ലെന്ന അനീതി പറയുന്നതിനെ വര്‍ഗീയ ചാപ്പകുത്തുന്നവരോട് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു വാചകം കൂട്ടിച്ചേര്‍ക്കട്ടെ; ‘എവിടെയൊക്കെ മുസ്ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പറയാറുണ്ടോ അവിടെയൊക്കെ ഇരട്ട കുപ്രചാരണങ്ങളായ ‘ദേശവിരുദ്ധര്‍’ ‘പ്രീണിപ്പിക്കപ്പെടുന്നവര്‍’ എന്നിങ്ങനെ മുദ്രകുത്താറുണ്ട്.’ ദേവസ്വം-വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന് പ്രഖ്യാപിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ ദേവസ്വം നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ മാത്രം പി.എസ്.സിക്ക് വിടുന്നതിലെ അന്യായം മുസ്‌ലിംലീഗ് ചോദിച്ചാല്‍ വര്‍ഗീയതയുടെ വാളെടുത്തു വീശുകയാണ് സി.പി.എം. കേരളത്തിലെ മുഖ്യധാരയിലുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വതുല്‍ മുജാഹിദീന്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ സംഘടനകളെല്ലാം സര്‍ക്കാറിന്റെ അന്യായത്തെ തുറന്നെതിര്‍ക്കുമ്പോഴാണ് മുസ്‌ലിംലീഗിനു നേരെ ചാണകം വാരിയെറിഞ്ഞ് പുകമറ സൃഷ്ടിക്കാന്‍ ശ്രമം.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്. സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വി.പി സജീന്ദ്രന്‍ എം.എല്‍.എയുടെ ചോദ്യത്തിന് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ 2018 ജനുവരി 31ന് നിയമസഭയില്‍ നല്‍കിയ കല്ലുവെച്ച നുണയെ അക്കാലത്തുതന്നെ പ്രതിരോധിക്കാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡിനു സാധിച്ചിരുന്നു. 2018 മാര്‍ച്ച് 7ന് ചേര്‍ന്ന യോഗത്തിലെ തീരുമാനമായി ‘വഖഫ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് തുടങ്ങിയവയിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ഈ കുടിച്ചേരലില്‍ പറഞ്ഞതല്ലാതെ, ആരും അക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ചെയര്‍മാനോ മറ്റാരെങ്കിലുമോ ഈ വിഷയം സ്വാഗതം ചെയ്തിട്ടുമില്ല. ബോര്‍ഡില്‍ നിയമനം നടത്തുന്ന വിഷയം ഈ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിലേക്ക് മറുപടി അയക്കാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറോട് നിര്‍ദ്ദേശിച്ചു’ എന്ന് രേഖപ്പെട്ടു കിടക്കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ്, സര്‍ക്കാര്‍ ആവശ്യപ്രകാരം ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ഭേദഗതി റെഗുലേഷനില്‍ വരുത്താന്‍ തീരുമാനിച്ചത്. എം.സി മായിന്‍ഹാജിയും അഡ്വ. പി.വി സൈനുദ്ദീനും തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതും രേഖയിലുണ്ട്. ഇരുവരും മുസ്‌ലിംലീഗുകാരാണെന്നതോടൊപ്പം വഖഫ് സ്ഥാപനങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട് വന്നവരാണെന്ന് മറക്കരുത്. വഖഫ് സ്ഥാപന പ്രതിനിധികളായി ആകെ രണ്ടു പേരെയുള്ളൂവെന്നും അവരാണ് വിയോജിപ്പ് രേഖപ്പെടുത്തിയതെന്നും ഭരണതിട്ടൂരത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ക്കും അറിയാത്തതല്ല.

വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന്റെ അധീനതയിലുള്ളവയും അധികാരം അല്ലാഹുവില്‍ നിക്ഷിപ്തമെന്ന് വിശ്വാസികള്‍ കരുതുന്നതുമായ സ്വത്തുക്കളാണ് വഖഫ്. മുസ്‌ലിംകളില്‍ തന്നെ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ കൈകാര്യം ചെയ്യേണ്ട മേഖല. സര്‍ക്കാറിന്റെ ദേവസ്വം ഓര്‍ഡിനന്‍സില്‍, ‘അംഗങ്ങള്‍ ഹിന്ദു മത വിശ്വാസിയും ദൈവവിശ്വാസിയും ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവരുമായിരിക്കണം’ എന്ന് പറയാനുള്ള കാരണം എന്താണോ അതിന്റെ അതേ താല്‍പര്യമാണ് വഖഫ് സ്ഥാപനങ്ങളില്‍ മുസ്‌ലിം ജീവനക്കാര്‍ വേണമെന്നതും. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ മടിക്കുന്ന സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് നിയമ
നം പി.എസ്.സിക്ക് വിടാന്‍ അത്യുത്സാഹം കാ ണിക്കുന്നതിലെ താല്‍പര്യം വ്യക്തമാണ്.

യതീമിന്റെ വിദ്യാഭ്യാസ സഹായവും മൊല്ലയുടെ പെന്‍ഷനും കുടിശികയാക്കിവെച്ച് പള്ളികളില്‍ നിന്ന് ലഭിക്കുന്ന (ഏഴു ശതമാനം) അംശാദായത്തില്‍ നിന്ന് ഒരു കോടി രൂപ കൈപറ്റിയ പിണറായി വിജയന് വഖഫ് സ്ഥാപനങ്ങള്‍ വെറുമൊരു ബോര്‍ഡായിരിക്കും. ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് ഇതേപോലെ കൈപറ്റിയ കോടി ഹൈക്കോടതി ഇടപെട്ട് തിരിച്ചുകൊടുപ്പിച്ചിട്ടും വഖഫ് സ്വത്തില്‍ കയ്യിട്ട് വാരിയത് തമ്പ്രാന്റെ കൈവശം തന്നെയാണ്. മുസ്‌ലിംകളെ പേടിപ്പിച്ചും മുസ്‌ലിമിതരരെ എതിര്‍ ദ്വയമാക്കിയും എല്ലാ കൊള്ളരുതായ്മകളും മറച്ചുപിടിക്കുന്നതാണ് പ്രത്യേക ജനുസിന്റെ തന്ത്രം. സച്ചാറിന്റെ നെഞ്ചത്ത് ചവിട്ടിയ സി.പി.എം പാര്‍ട്ടി സമ്മേളനത്തില്‍ ഒപ്പന കളിക്കുന്നത് വത്തക്ക സമരത്തിന്റെ മറ്റൊരു പതിപ്പ് മാത്രമാണ്. ബംഗാളില്‍ ഭരണത്തിന്റെ ഹുങ്കില്‍ ആയിരക്കണക്കിന് ഏക്കര്‍ വഖഫ് ഭൂമി തട്ടിയെടുത്ത് സി.പി.എം പണിത പാര്‍ട്ടി ഓഫീസുകള്‍ ചുവന്ന കഷ്ണം കൊടിപോലും ഉയര്‍ത്താനാളില്ലാതെ നാമാവശേഷമാകുന്നത് ഓര്‍ത്താല്‍ നന്ന്.