കൊച്ചി: ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐഎന്‍എല്‍)ല്‍ ഭിന്നത രൂക്ഷമാകുന്നു. ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഹ് ബൂബേ മില്ലത്ത്(ഇബ്രാഹിം സുലൈമാന്‍ സേട്ട്) കള്‍ച്ചറല്‍ ഫോറം എന്ന പേരില്‍ സംഘടനയക്ക് രൂപം നല്‍കി. പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ടിക്കുള്ളില്‍ തന്നെ ഇത്തരത്തില്‍ ഒരു സംഘടനക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് പാര്‍ടിയുടെ മുന്‍ ഭാരവാഹിയും മെഹ് ബൂബേ മില്ലത്ത്(ഇബ്രാഹിം സുലൈമാന്‍ സേട്ട്) കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റുമായ എ ഇ അബ്ദുള്‍ കലാം(എറണാകുളം),ജനറല്‍ സെക്രട്ടറി എ ഷംസുദ്ദീന്‍(ആലപ്പുഴ), ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷെരീഫ് ഷാ, ഖജാന്‍ജി എം കെ മുജീബ്(തൃശൂര്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉള്‍പാര്‍ട്ടി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും പാര്‍ട്ടിയില്‍ നഷ്ടപ്പെട്ടിരിക്കുകയാണ.് എതിര്‍ക്കുന്നവരെ നിഷ്‌കാസനം ചെയ്യുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നത്.
പാര്‍ടിയുടെ നേതൃനിരയില്‍ വന്ന ആളുകള്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി പാര്‍ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.14 ജില്ലകളിലും പാര്‍ട്ടിയുടെ അടിസ്ഥാന പ്രവര്‍ത്തകരെ തമ്മിലടിപ്പിച്ചും സ്വന്തം താല്‍പര്യത്തിന് എതിര് നില്‍ക്കുന്നവരെ ആരോപണങ്ങള്‍ ഉന്നയിച്ച് മാറ്റി നിര്‍ത്തുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാര്‍ട്ടിക് നല്‍കിയ മൂന്നു സീറ്റില്‍ ജനാധിപത്യപരമായ രീതിയില്‍ അല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായിട്ടാണ് കോഴിക്കോട് സൗത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.തിരഞ്ഞെടിപ്പിനു ശേഷം നടന്ന സംസ്ഥാന കൗണ്‍സിലില്‍ ഇതിനെ കോഴിക്കോട് നിന്നുള്ള പ്രതിനിധികള്‍ ചോദ്യം ചെയ്തതിനു പ്രതികാരമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടുകയും ജില്ലാ സെക്രട്ടറിയെ സസ്‌പെന്റു ചെയ്യുകയുമാണ് നേതൃത്വം ചെയ്തതെന്നും ഇവര്‍ ആരോപിച്ചു.
എല്‍ഡിഎഫ് ഐഎന്‍എല്ലിനു നല്‍കിയ ന്യൂനപക്ഷ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി വേദികളില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകാധിപത്യപരമായ രീതിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ വഹാബ് സ്വയം ഏറ്റെടുക്കുകയാണ് ചെയ്തതെന്നും ഇവര്‍ ആരോപിച്ചു. ഇത്തരം അനീതികള്‍ ഇനിയും അംഗീകരിക്കാന്‍ വയ്യെന്നും ഇവര്‍ പറഞ്ഞു. പാര്‍ട്ടി വേദിയില്‍ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനാലാണ് ഇപ്പോള്‍ പരസ്യമായി പറയുന്നതെന്നും ഇവര്‍ പറഞ്ഞു. പാര്‍ട്ടിനേതൃത്വം തെറ്റു തിരുത്താന്‍ തയാറാകുന്നില്ലെങ്കില്‍ പുതിയ പാര്‍ടി രൂപികരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും ഇവര്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും പിന്തുണ തങ്ങള്‍ക്കുണ്ട്.
ഇന്നലെ എറണാകുളത്ത് ചേര്‍ന്ന ഫോറത്തിന്റെ പ്രഥമ യോഗത്തില്‍ 14 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.14 ജില്ലകളിലും മെഹ്ബൂബേ മില്ലത്ത് (ഇബ്രാഹിം സുലൈമാന്‍ സേട്ട്) കള്‍ച്ചറല്‍ ഫോറം കണ്‍വെന്‍ഷന്‍ വരും ദിവസങ്ങളില്‍ വിളിച്ചു ചേര്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.