ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ലൈവ് റൂം ഫീച്ചര്‍ അവതരിപ്പിച്ചു. ഇതുവഴി ഉപയോക്താക്കള്‍ക്ക് പരമാവധി മൂന്ന് പേര്‍ക്കൊപ്പം ലൈവ് വീഡിയോ ചെയ്യാനാവും.

നേരത്തെ ലൈവില്‍ ഒരാളെ മാത്രം അധികമായി ഉള്‍പ്പെടുത്താനാണ് സാധിച്ചിരുന്നത്. ആഗോള തലത്തിലുള്ള ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ലൈവ് റൂംസ് ഫീച്ചര്‍ ഉപയോഗിക്കാം. ക്രിയാത്മകമായ വിവിധ ആവശ്യങ്ങള്‍ക്കായി ഈ സംവിധാനം പ്രയോജനപ്പെടുത്താനാവും.

ലൈവ് റൂംസ് എങ്ങനെ പ്രവര്‍ത്തിക്കും ?

ഇന്‍സ്റ്റാഗ്രാം പേജില്‍ ഇടത്തോട്ട് സൈ്വപ്പ് ചെയ്തോ, ലൈവ് ക്യാമറ ഓപ്ഷനില്‍ നിന്നോ നിങ്ങള്‍ക്ക് ലൈവ് റൂം സെഷന്‍ ആരംഭിക്കാം.

ഒരു തലക്കെട്ട് നല്‍കി റൂംസ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കേണ്ട അംഗങ്ങളെ തെരഞ്ഞെടുക്കുക.

നിങ്ങള്‍ക്കൊപ്പം ലൈവ് പോവാന്‍ ആഗ്രഹിക്കുന്ന മറ്റ് ഉപയോക്താക്കളില്‍ നിന്നുള്ള റിക്വസ്റ്റുകള്‍ നിങ്ങള്‍ക്ക് കാണാം. അതില്‍ ആളുകളെ തെരഞ്ഞ് കണ്ടുപിടിച്ച് ചേര്‍ക്കാം.

ലൈവ് ആരംഭിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ എപ്പോഴും സ്‌ക്രീനിന് മുകളിലായിരിക്കും ഉണ്ടാവുക.

ലൈവ് തുടങ്ങുമ്പോള്‍ മൂന്ന് പേരെ ഒന്നിച്ച് ചേര്‍ക്കണം എന്നില്ല. ലൈവിനിടയില്‍ അതിഥികളായി മൂന്നാമത്തെയാളെ ചേര്‍ക്കാവുന്നതാണ്.