കാസര്‍കോട്: രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കാസര്‍കോട് അരങ്ങൊരുങ്ങുന്നു. കാസര്‍കോടിനൊരിടം സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം സെപ്റ്റംബര്‍ 13, 14, 15 തീയതികളിലായി മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, വനിതാ ഭവന്‍ എന്നിവിടങ്ങളില്‍ ആയി നടക്കും. അക്കാദമിക് അവാര്‍ഡുകള്‍ നേടിയതടക്കമുള്ള ലോക ഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാവും. ഷോര്‍ട്ട് മൂവി മത്സര വിഭാഗവും ഉണ്ട് എന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത.

കഴിഞ്ഞ വര്‍ഷം അരങ്ങേറിയ പ്രഥമ ചലച്ചിത്രോത്സവം പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി പ്രവര്‍ത്തനങ്ങളും ഇടപെടലുകളും കൊണ്ട് പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമായ കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള ആയത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ ചലച്ചിത്ര മേളയുടെ ഉത്സവാന്തരീക്ഷം കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. സിനിമാ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ മേളയുടെ ഭാഗമാകും എന്നതും ഇത്തവണ മേളയെ കൂടുതല്‍ ജനകീയമാക്കും.

ചലച്ചിത്ര മേളയോടനുബന്ധിച്ചു ഷോര്‍ട്ട് മൂവി തിരക്കഥാ രചനാ മത്സരം, പുസ്തക മേള, ചിത്ര പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ് തുടങ്ങിയവും ഉണ്ടാവും. കൂടാതെ മൂന്ന് ദിവസങ്ങളിലും രാത്രി സംഗീത പരിപാടികളും മെഗാ ഷോകളും ഉണ്ടാവും. ഷോര്‍ട്ട് മൂവി അവാര്‍ഡുകള്‍ക്കായി കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ചിത്രങ്ങള്‍ ക്ഷണിക്കും. തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് െ്രെപസ് മണി, പ്രശസ്തി പത്രം, ഉപഹാരം എന്നിവ നല്‍കും. നോമിനേഷന്‍ നേടുന്ന ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടാവും.