ഫൈസല്‍ മാടായി

കണ്ണൂര്‍: നഗരസഭാ അധ്യക്ഷയുള്‍പ്പെടെയുള്ളവരുടെ ക്രൂരതയില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ മുറിവുണങ്ങിയിട്ടില്ല ഇപ്പോഴും. കുടുംബത്തിനൊപ്പം നാടിനും പ്രവാസി മലയാളികള്‍ക്കുമുണ്ടാക്കിയ വേദന ചെറുതല്ല. എന്നാല്‍ ഇപ്പോള്‍ ഇതാ മറ്റൊരു പ്രവാസിക്കും കൂടി അധികാര കേന്ദ്രങ്ങളുടെ നിഷേധാത്മക മനോഭാവം കാരണം നാട്ടിലൊരു സംരംഭം തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിച്ചിരിക്കുകയാണ്.

സിപിഎം ഭരിക്കുന്ന കൂത്തുപറമ്പ് നഗരസഭാധികൃതരുടെ ഭാഗത്ത് നിന്ന് മാലൂര്‍ സ്വദേശി സത്യനാണ് അവഗണന നേരിടുന്നത്. സാജന്‍ പാറയില്‍ അനുഭവിച്ച അതേ അവസ്ഥയിലാണ് സത്യനും. നഗരസഭ ഭരിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും നിഷേധാത്മക സമീപനത്തിനെതിരെ മഴയും കൊണ്ട് ഒറ്റയാള്‍ പോരാട്ടത്തിനിരങ്ങിയിരിക്കുകയാണ് സത്യനും. പത്ത് വര്‍ഷത്തോളം ദുബൈയില്‍ സര്‍ക്കാര്‍ വകുപ്പില്‍ ആര്‍ടിയെയില്‍ െ്രെഡവറായിരുന്നു ഇദ്ദേഹം. ആറ് മാസം മുമ്പാണ് നാട്ടിലെത്തിയത്. നാട്ടില്‍ എന്തെങ്കിലും തുടങ്ങണമെന്നാണ് ആഗ്രഹം. ഒരു കട തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അനുമതി തേടി കൂത്തുപറമ്പ് നഗരസഭ ഓഫീസിലെത്തി.

എളുപ്പമായിരുന്നില്ല കാര്യങ്ങള്‍ സാങ്കേതികത്വങ്ങള്‍ പറഞ്ഞ് തിരിച്ചയച്ചു. ഒന്ന് ശരിയാക്കി മറ്റൊന്നിനായി സമീപിക്കുമ്പോള്‍ വേറെയും ചില കുടുക്കുകള്‍. ചുവപ്പ് നാടയില്‍ കടക്കാന്‍ പാടുപെടുകയായിരുന്നു സത്യന്‍. ഇതിനിടയില്‍ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ അനുമതി പത്രവും കൂടി വേണമെന്നായി, കണ്ണൂരില്‍ പോയി ശരിയാക്കണമെന്നായി ആവശ്യം. കലക്ടറേറ്റിലെത്തിയപ്പോഴും പഴയ അവസ്ഥ തന്നെ. ഓഫീസുകള്‍ കയറിയിറങ്ങി മടുത്തിരിക്കുകയാണ് സത്യന്‍. സര്‍ക്കാര്‍ കാര്യാലയങ്ങളിലെ അനാസ്ഥ നാട്ടുകാരെയും കൂടി അറിയിക്കുന്നതിനാണ് കലക്ടറേറ്റിന് മുന്നില്‍ വ്യത്യസ്ത സമരവുമായി ഇറങ്ങിതിരിച്ചത്.

പ്രവാസികളോട് സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും കാണിക്കുന്ന നിഷേധാത്മക സമീപനത്തിനെതിരെയാണ് തന്റെ സമരമെന്ന് സത്യന്‍ പറഞ്ഞു. പെടുന്നനെയായിരുന്നു കലക്ടറേറ്റിന് മുന്നിലെ ഡിവൈഡറില്‍ ചമ്രം പടിഞ്ഞിരുന്ന് പ്രതിഷേധവുമായെത്തിയത്. കൂടിനിന്നവരെല്ലാം സത്യന് അനുകൂലമായിരുന്നു. പലര്‍ക്കും പറയാനുണ്ടായിരുന്നു സര്‍ക്കാര്‍ സംവിധാനത്തിലെ പാളിച്ചകളും. ഇനിയൊരു പ്രവാസിക്കും ആത്മഹത്യ ചെയ്യേണ്ടി വരരുതെന്നായിരുന്നു സത്യന്‍ എല്ലാവരോടുമായി പറഞ്ഞത്. കേട്ടവരെല്ലാം അത് ശരിവെച്ചു. നിലക്കാത്ത മഴയും കൊണ്ട് സമരം തുടരുകയാണ് സത്യന്‍ ഇപ്പോഴും.