മുംബൈ: ഇന്ന് വാംഖഡെയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 15 ലെ അവസാന നിര്‍ണായക മല്‍സരം. ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ. റിഷാഭ് പന്തിന്റെ ഡല്‍ഹിക്് ജയിച്ചാല്‍ പ്ലേ ഓഫ് കളിക്കാം. മുംബൈ നേരത്തെ പുറത്തായവരായതിനാല്‍ അവര്‍ക്ക് മല്‍സരം ഫലം കൊണ്ട് നേട്ടങ്ങളില്ല.

നാളെയാണ് ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നത്. പക്ഷേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും പഞ്ചാബ് കിംഗ്‌സിനും സാധ്യതകള്‍ ഇല്ലാത്തതിനാല്‍ നാളത്തെ പോരാട്ടത്തിനും പ്രസക്തി കുറവാണ്. നിലവില്‍ ഗുജറാത്ത്, ലക്‌നൗ, രാജസ്ഥാന്‍ എന്നിവരാണ് പ്ലേ ഓഫ് യോഗ്യത നേടിയത്. 16 പോയിന്റുമായി നാലാം സ്ഥാനത്തുള്ളത് ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സാണ്. 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ വിരാത് കോലിയുടെ ടീമിന് 16 പോയിന്റുണ്ട്. 13 കളികളില്‍ 14 ല്‍ നില്‍ക്കുന്ന ഡല്‍ഹിക്ക്് ഇന്ന് ജയിക്കാനായാല്‍ നാലാം സ്ഥാനത്ത് വരാം. നിലവില്‍ ബെംഗളൂരുവിന്റെ നെറ്റ് റണ്‍റേറ്റ് മൈനസിലാണ്. ഡല്‍ഹിക്കാണ് മികച്ച ശരാശരിയുള്ളത്. ഡല്‍ഹി സംഘം സ്ഥിരത പുലര്‍ത്തുന്നില്ല. ഏഴ് മല്‍സരങ്ങള്‍ ജയിച്ചപ്പോള്‍ ആറില്‍ തോറ്റു. ബാറ്റര്‍മാരില്‍ നായകന്‍ റിഷാഭ് പന്തിന് പോലും ഭദ്രമായി കളിക്കാനാവുന്നില്ല. മിച്ചല്‍ മാര്‍ഷാണ് പലപ്പോഴും ടീമിനെ രക്ഷിക്കുന്നത്. ഡേവിഡ് വാര്‍ണര്‍ നല്ല തുടക്കം കിട്ടിയാല്‍ ഉപയോഗപ്പെടുത്തും. ലളിത് യാദവ്, സര്‍ഫ്രാസ് ഖാന്‍ എന്നിവരുടേത് ശരാശരി പ്രകടനമാണ്. ബൗളിംഗില്‍ പ്രശ്‌നങ്ങളില്ല.

മുംബൈക്കിത് നാണക്കേടിന്റെ സീസണാണ്.13 കളികളില്‍ ആകെ ജയിച്ചത് മൂന്ന് മല്‍സരങ്ങളില്‍ മാത്രം. ഇത് വരെ അവസരം ലഭിക്കാതിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇന്ന് പ്ലെയിംഗ് ഇലവനില്‍ അവസരമുണ്ടാവുമോ എന്നത് മാത്രമാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്.