ചെന്നൈ: അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കാനും ടീമിനെ നയിക്കാനും മഹേന്ദ്രസിംഗ് ധോണിയുണ്ടാവും. ഇന്നലെ രാജസ്ഥാനെതിരായ സീസണിലെ അവസാന മല്‍സരത്തിന് മുമ്പ് അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹി അടുത്ത സീസണില്‍ കളിക്കില്ലെന്നും ഈ സീസണോടെ അദ്ദേഹം ഐ.പി.എല്‍ വിടുമെന്നുമുള്ള പ്രചാരണം ഇതോടെ അസ്ഥാനത്തായി.

2023 സീസണില്‍ താന്‍ തുടരാനുള്ള കാരണമായി മഹി പറയുന്നത് ഒന്ന് മാത്രം- വിട പറയുന്നത് ചെന്നൈയില്‍ നിന്ന് തന്നെയാവണം. അടുത്ത സീസണില്‍ എല്ലാ ടീമുകള്‍ക്കും സ്വന്തം മൈതാനത്ത് കളിക്കാനുള്ള അവസരമുണ്ടാവുമെന്നാണ് വിശ്വാസം. ചെന്നൈക്കാരോട് നേരിട്ട്് വിട ചോദിക്കണം. പക്ഷേ ക്രിക്കറ്റില്‍ ഒന്നും പ്രവചിക്കാനാവില്ല. കളിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതിനായി കഠിനാദ്ധ്വാനം നടത്തും. മുംബൈയെയും മറക്കുന്നില്ല. തനിക്ക് ഏറ്റവുമധികം സ്‌നേഹം സമ്മാനിച്ച നഗരമാണ് മുംബൈ.

അടുത്ത സീസണില്‍ ചെന്നൈ ജഴ്‌സിയില്‍ രവീന്ദു ജഡേജയുമുണ്ടാവും. അദ്ദേഹം പിണങ്ങി പോയതാണെന്ന വാദത്തില്‍ കഴമ്പില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. നിലവിലെ സീസണ്‍ തുടക്കത്തില്‍ ടീമിന്റെ നായകന്‍ ജഡേജയായിരുന്നു. തോല്‍വികള്‍ തുടര്‍ക്കഥയായപ്പോള്‍ മഹി നായകസ്ഥാനത്തേക്ക് തിരിച്ചെത്തി.