തെഹ്‌റാന്‍: ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്‍മാറാനുള്ള വന്‍ശക്തി രാഷ്ട്രങ്ങളുടെ നീക്കത്തിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. കരാര്‍ നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ കരാറില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ തങ്ങള്‍ ആണവ പദ്ധതിയുമായി കൂടുതല്‍ കരുത്തോടെ മുന്നോട് പോകും-ഇറാന്‍ ആണവ പദ്ധതി മേധാവി അലി അക്ബര്‍ സലേഹി പറഞ്ഞു.

കരാറില്‍ നിന്ന് പിന്‍മാറിയ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ സലേഹി രൂക്ഷമായി വിമര്‍ശിച്ചു. പരാജയപ്പെട്ടവരുടെ നിരയിലായിരിക്കും ട്രംപിന്റെ സ്ഥാനം. കരാറില്‍ നിന്ന് പിന്‍മാറിയത് നേട്ടമാണെന്നാണ് അയാള്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ കരാറില്‍ നിന്ന് പിന്‍മാറിയതുകൊണ്ട് യു.എസിന് ഒരു നേട്ടവുമുണ്ടാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടില്ല. കരാറിനെ കുറിച്ചുള്ള ഞങ്ങളുടെ മുന്‍ നിലപാടില്‍ ഒരു മാറ്റവുമില്ല. എന്നാല്‍ കരാറില്‍ നിന്ന് പിന്‍മാറി തങ്ങളെ പ്രതിസന്ധിയിലാക്കാമെന്ന് കരുതിയാല്‍ അത് നടക്കില്ല. ആണവ പദ്ധതിയുമായി കൂടുതല്‍ കരുത്തോടെ ഞങ്ങള്‍ മുന്നോട്ട് പോകും. ഞങ്ങളുടെ ശാസ്ത്രജ്ഞര്‍ക്കെതിരെ എന്തെങ്കിലും ആക്രമണമുണ്ടായാല്‍ കടുത്ത പ്രത്യഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സലേഹി മുന്നറിയിപ്പ് നല്‍കി.

2015 ലാണ് യു.എസ് അടക്കമുള്ള വന്‍ശക്തി രാഷ്ട്രങ്ങള്‍ ഇറാനുമായി കരാറില്‍ ഒപ്പിട്ടത്. മുന്‍ യു.എസ് പ്രസിഡണ്ട് ബരാക് ഒബാമ മുന്‍കൈ എടുത്താണ് കരാറുണ്ടാക്കിയിരുന്നത്. എന്നാല്‍ കടുത്ത ഇറാന്‍ വിരുദ്ധനായ ട്രംപ് ആദ്യമേ കരാറിനെതിരായിരുന്നു. ഈ വര്‍ഷം മെയ് മാസത്തിലാണ് യു.എസ് കരാറില്‍ നിന്ന് പിന്‍മാറിയത്.