തെഹ്‌റാന്‍: ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്നതു സംബന്ധിച്ച് ഉടമ്പടിയില്‍ ഒപ്പുവെച്ച മറ്റു രാജ്യങ്ങളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അമേരിക്കയെ മറികടന്ന് മുന്നോട്ടുപോകും. ബാക്കിയുള്ള രാജ്യങ്ങളുമായി സഹകരിച്ചാല്‍ ലക്ഷ്യം നേടാന്‍ സാധിക്കുമെങ്കില്‍ കരാര്‍ നിലനില്‍ക്കും.

ഒരു അന്താരാഷ്ട്ര കരാറിനോടുള്ള പ്രതിബദ്ധതയാണ് യു.എസ് അട്ടിമറിച്ചിരിക്കുന്നത്. ചൈനയുമായും റഷ്യയുമായും യൂറോപ്യന്‍ യൂണിയനുമായും ചര്‍ച്ച നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരാര്‍ പരാജയപ്പെടുകയാണെങ്കില്‍ ആണവ പദ്ധതി ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇറാന്‍ ആണവോര്‍ജ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റൂഹാനി പറഞ്ഞു.

2015ല്‍ ആണവ കരാറില്‍ ഒപ്പുവെച്ച ശേഷം ഇറാന്‍ അന്താരാഷ്ട്ര ഒറ്റപ്പെട്ടലില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. എണ്ണയും വാതകവും ലോകവ്യാപകമായി വില്‍ക്കാനും വിദേശത്ത് കൂടുതല്‍ നിക്ഷേപം നടത്താനും ഇറാന് അവസരം കിട്ടി. സാമ്പത്തികമായി പതുക്കെ പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് അമേരിക്കയുടെ പിന്മാറ്റം.