ന്യൂഡല്‍ഹി: സൈന്യത്തെ എതിര്‍ക്കരുതെന്ന് കശ്മീരി യുവാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരികള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്നും സൈന്യത്തെ എതിര്‍ത്താല്‍ ശക്തമായി പ്രതികരിക്കുമെന്നും ബിപിന്‍ റാവത്ത് പ്രതികരിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്വാതന്ത്ര്യം ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നതാണ് തനിക്ക് പറയാനുള്ളത്. തോക്കും നല്‍കി കൊണ്ട് ഇതുവഴി സ്വാതന്ത്ര്യം ലഭിക്കുമെന്ന് പറയുന്നവര്‍ അവരെ വഴിതെറ്റിക്കുകയാണ്. എന്തിനാണ് നിങ്ങള്‍ ആയുധമെടുത്തത്? സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവര്‍ക്കെതിരെ ഞങ്ങള്‍ എല്ലായ്‌പ്പോഴും പൊരുതും. സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കൊല്ലുന്നതില്‍ ഞങ്ങള്‍ സന്തോഷം കണ്ടെത്താറില്ല. പക്ഷെ ഏറ്റുമുട്ടാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കും. രക്ഷാസേന ക്രൂരന്മാരല്ലെന്ന് കശ്മീരികള്‍ മനസ്സിലാക്കണം. സിറിയയിലേക്കും പാകിസ്താനിലേക്കും നോക്കൂ- അവര്‍ ടാങ്കറുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചാണ് ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്. എത്ര വലിയ പ്രകോപനമുണ്ടായാലും സാധാരണക്കാര്‍ക്ക് അപായമുണ്ടാകാതിരിക്കാന്‍ സൈന്യം പരമാവധി ശ്രമിക്കാറുണ്ട്’, അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ സമാധാനം വരണമെങ്കില്‍ സൈന്യത്തിനു നേരെ ആളുകള്‍ നടത്തുന്ന കല്ലേറ് പോലുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും സൈനിക മേധാവി പറഞ്ഞു.