Connect with us

india

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കലിൽ ഇടപെടൽ വേണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

Published

on

കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

യാത്ര മുടങ്ങിയാല്‍ ജോലി നഷ്ടപ്പെടുന്നവരുള്‍പ്പെടെ ഇന്നുതന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരില്‍ പലരും. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ പോലും എയര്‍ ഇന്ത്യ തയാറാകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിൻ്റെ പൂർണ്ണ രൂപം

കേരളത്തിൽ നിന്നുള്ള നിരവധി അന്താരാഷ്‌ട്ര, ആഭ്യന്തര സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് അന്യായമായി റദ്ദാക്കിയതിനെ തുടർന്നുണ്ടായ തടസ്സം പരിഹരിക്കാൻ അടിയന്തര നടപടി അഭ്യർത്ഥിക്കാനുവേണ്ടിയാണ് ഈ കത്ത് എഴുതുന്നത്.

എയർ ഇന്ത്യയുടെ മാപ്പർഹിക്കാത്ത തീരുമാനത്തിൻ്റെ ഫലമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കണ്ടെത്തൽ ഭയാനകമാണ്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഭൂരിഭാഗം യാത്രക്കാരും തീരുമാനത്തെക്കുറിച്ച് അറിഞ്ഞത്. മിഡിൽ ഈസ്റ്റിലേക്ക് പോകുന്ന നിരവധി ആളുകൾക്ക് കൃത്യസമയത്ത് മടങ്ങാൻ കഴിയാത്തതിനാൽ അവരുടെ തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ടുപോയ യാത്രക്കാർക്ക് ഭക്ഷണമോ താമസസൗകര്യമോ നൽകാനുള്ള മര്യാദ പോലും എയർ ഇന്ത്യ നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ.

ഈ അടിയന്തര സാഹചര്യത്തിൽ, കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌സിൻ്റെ ഒന്നിലധികം അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നുള്ള തടസ്സം പരിഹരിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. കണ്ണൂർ, നെടുമ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധം നടക്കുന്നത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് ആവശ്യം. വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്കറ്റ്, അബുദബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ ബഹ്റൈൻ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച കേസ്; കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്ക് സ്പോൺസറെ കണ്ടെത്തണമെന്ന് സുപ്രീംകോടതി

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്.

Published

on

ഉത്തർപ്രേദശിലെ മുസഫർനഗറിൽ അധ്യാപിക മുസ്‌ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിലെ ഇരയായ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്ക് സ്‌പോൺസറെ കണ്ടെത്തണമെന്ന് യു.പി സർക്കാരിനോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് കുട്ടി അതേ സ്കൂളിൽ തന്നെ തുടരുന്നുവെന്ന് സംസ്ഥാനം ഉറപ്പാക്കണമെന്നും പറഞ്ഞു.
‘കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് അവൻ്റെ സ്‌കൂൾ വിദ്യാഭ്യാസം അവസാനിക്കുന്നത് വരെ നോക്കണം. കുട്ടിക്ക് പഠന ചെലവുകൾ വഹിക്കാൻ പ്രാപ്തരായ സ്‌പോൺസറെ കണ്ടെത്തുകയും അവൻ അതേ സ്‌കൂളിൽ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും വേണം,’ കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ യു.പി സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.
കുട്ടിയുടെ പഠന ചെലവുകൾ വഹിക്കാൻ ഒരു സന്നദ്ധ സംഘടന തയ്യാറയിട്ടുണ്ടെന്ന് യു.പി അഭിഭാഷകൻ ഗരിമ പ്രസാദ് കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ സന്നദ്ധ സംഘടനയുടെ വാഗ്ദാനമൊക്കെ അവ്യക്തമായ കാര്യമാണെന്നും കുട്ടിയുടെ സ്കൂൾ കാലം പൂർത്തിയാകും വരെ ചിലവുകൾ വഹിക്കാൻ ഒരു സ്‌പോൺസറെയാണ് കണ്ടത്തേണ്ടതെന്നും കോടതി പറയുകയായിരുന്നു.
മുസ്‌ലിം വിദ്യാർത്ഥിയെ തല്ലാൻ മറ്റ്‌ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചതിന് ത്രിപ്ത ത്യാഗി എന്ന സ്കൂൾ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണവും മതന്യൂനപക്ഷ വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും തുഷാർ ഗാന്ധിയുടെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്. മുസാഫർനഗറിലെ സ്‌കൂളിലെ അധ്യാപികയായ  ത്രിപ്ത ത്യാഗി തൻ്റെ വിദ്യാർത്ഥികളോട് മുസ്‌ലിം വിദ്യാർത്ഥിയെ തല്ലാൻ ആവശ്യപ്പെടുകയും കുട്ടിക്കെതിരെ വർഗീയ അധിക്ഷേപം നടത്തുകയും ചെയ്യുകയായിരുന്നു. കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കി. മുഖത്തടിയേറ്റ കുട്ടിയെ മാതാപിതാക്കൾ സർക്കാർ സ്കൂളിൽ നിന്ന് മാറ്റി സ്വകാര്യ സ്കൂളിൽ ചേർത്തിരുന്നു.

Continue Reading

india

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, ഭീകരനെ വധിച്ചു

നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.

Published

on

ജമ്മുകാശ്മീരില്‍ പാകിസ്താൻ സൈന്യത്തിന്‍റെ ആക്രമണം. ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് സൈനികർക്ക് പരുക്കേറ്റു. ഒരു ഭീകരനെ വധിച്ചതായും പാക് ബോർഡർ ആക്ഷൻ ടീമിന്‍റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സേന അറിയിച്ചു. നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.

നിയന്ത്രണരേഖയോട് ചേർന്ന മുത്ക പോസ്റ്റിലാണ് ആക്രമണം. പ്രദേശത്ത് പാകിസ്താൻ സൈന്യത്തിന്‍റെ സഹായത്തോടെ ത്രീവവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. ഇന്ത്യൻ സേനയ്‌ക്കെതിരെ നിയന്ത്രണ രേഖയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമാണ് ആദ്യം വെടിയുതിർത്തത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

Continue Reading

india

മലേഗാവ് സ്‌ഫോടനം; ലക്ഷ്യമിട്ടത് സാമുദായിക കലാപം: എന്‍.ഐ.എ

ആക്രമണത്തിനായി കശ്മീരിൽനിന്ന് ആർ.ഡി.എക്‌സ് എത്തിക്കുകയും അത് നാസികിലെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തത് കേണൽ ശ്രീകാന്ത് പുരോഹിത് ആണ്. സുധാകർ ചതുർവേദിയാണ് ബോംബ് നിർമിച്ചത്.

Published

on

സാമുദായിക കലാപമുണ്ടാക്കാനും അതുവഴി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തകർക്കാനുമാണ് 2008ലെ മലേഗാവ് സ്‌ഫോടനത്തിലൂടെ പ്രതികൾ ലക്ഷ്യമിട്ടതെന്ന് എൻ.ഐ.എ. റമദാനിലാണ് സ്‌ഫോടനം നടന്നത്. അതുകഴിഞ്ഞ് നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു.

ജനങ്ങളെ ഭീതിപ്പെടുത്തുന്നതും പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്നും എൻ.ഐ.എ കോടതിയിൽ പറഞ്ഞു. മുംബൈയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ കേസിന്റെ അന്തിമ വാദം തുടങ്ങിയപ്പോഴായിരുന്നു എൻ.ഐ.എ ഇക്കാര്യം അറിയിച്ചത്.

ആക്രമണത്തിനായി കശ്മീരിൽനിന്ന് ആർ.ഡി.എക്‌സ് എത്തിക്കുകയും അത് നാസികിലെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തത് കേണൽ ശ്രീകാന്ത് പുരോഹിത് ആണ്. സുധാകർ ചതുർവേദിയാണ് ബോംബ് നിർമിച്ചത്. മലേഗാവിൽ ഇത് സ്ഥാപിക്കാനായി പ്രഗ്യാസിങ് തന്റെ ബൈക്ക് നൽകിയെന്നും എൻ.ഐ.ഐ കോടതിയെ അറിയിച്ചു.

ബി.ജെ.പി മുൻ എം.പി പ്രഗ്യാ സിങ് ഠാക്കൂർ, സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലായിരുന്ന ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം എട്ട് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. വിരമിച്ച മേജർ രമേശ് ഉപാധ്യായ്, അജയ് രഹിർകർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമൂർ കുൽക്കർണി, രാമചന്ദ്ര കൽസാഗ്രെ എന്നിവരാണ് മറ്റു പ്രതികൾ. ഇതിർ സമീർ കുൽക്കർണിക്കെതിരായ നടപടികൾ സുപ്രിംകോടതി തടഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിൽ 2008 സെപ്റ്റംബർ 29ന് രാത്രി 9.35ന് ഉണ്ടായ സ്‌ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. 100ൽ കൂടുതൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. റമദാനിലെ അവസാന രാത്രി ആളുകൾ പെരുന്നാൾ തിരക്കിൽ മുഴുകിയപ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. കേസിലെ പ്രതികളെല്ലാം ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരാണ്. സ്‌ഫോടകവസ്തു നിയമം, ആയുധനിയമം എന്നിവയിലെ വിവിധ വകുപ്പുകളും യു.എ.പി.എയുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Continue Reading

Trending