ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വ്യഴാഴ്ച കശ്മീരിലെ വൈ.കെ പോറ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.

കാറില്‍ സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന്‍ യാറ്റൂ. ഇയാളെ കൂടാതെ ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന്‍ ഹജാം എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് വെടിയേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭീകര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തെ പ്രധാനമന്ത്രി അപലപിച്ചു. അടുത്തിടെ കശ്മീരില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി. അതേസമയം അക്രമണത്തിന് പിന്നില്‍ ആരെന്ന കാര്യം ഇതേവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം, മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ തിരിച്ചുകിട്ടാനായി ബിജെപി വിരുദ്ധ മുന്നണി രൂപംകൊണ്ട സാഹചര്യമാണ് നിലവില്‍ കേന്ദ്ര ഭരണ പ്രദേശത്തുള്ളത്. ഇതിനായി സംസ്ഥാനത്തെ മറ്റു പാര്‍ട്ടികളിലെ മുന്‍ മുഖ്യമന്ത്രിമാര്‍പോലും ഒന്നായ നിലയാണ്.