ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തില്‍ ഒറ്റക്കെട്ടായ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ ശൂന്യമായ സഭയില്‍ കശ്മീര്‍ ഭാഷ വിഷയത്തിലടക്കം ബില്ലുകള്‍ പാസാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധം വകവക്കാതെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. എന്നാല്‍ ഇത് അനൂകൂല ഘടകമാക്കി പത്തിലേറെ ബില്ലുകളാണ് ഇന്ന് ഇരു സഭകളിലുമായി മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്.

പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ കശ്മീര്‍ ഭാഷ ബില്ലിന് പുറമെ മൂന്ന് തൊഴില്‍ ബില്ലുകളും കേന്ദ്രം ലോക്‌സഭയില്‍ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വര്‍ അവതരിപ്പിച്ച മൂന്ന് ലേബര്‍ ബില്ലുകളാണ് ശബ്ദ വോട്ടോടുകൂടി ലോക്‌സഭ പാസാക്കിയത്. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ജോലിസ്ഥലം സംബന്ധിച്ചുള്ള ബില്‍, വ്യവസായവുമായി ബന്ധപ്പെട്ട ബില്‍, സാമൂഹിക സുരക്ഷ സംബന്ധിച്ച ബില്‍ എന്നീ തൊഴില്‍ ബില്ലുകളാണ് പാസായത്.

അതേസമയം, കേന്ദ്ര ഭരണപ്രദേശമായി മാറിയ ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷ സംബന്ധിച്ച ബില്ലും പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ലോക്‌സഭ പാസാക്കി. കശ്മീര്‍, ഡോംഗ്രി, ഹിന്ദി എന്നീ ഭാഷകള്‍ കശ്മീരിലെ ഔദ്യോഗിക ഭാഷകളായി ഉള്‍പ്പെടുത്തുന്നതിനുള്ള ബില്ലാണിത്. ലോക്‌സഭയില്‍ ബില്ലുകള്‍ നാളെ രാജ്യസഭയിലും പാസാവുന്നതോടെ ഇവ നിയമമായി മാറും.

കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിനു പിന്നാലെയാണ് ലോക്സഭയില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. കാര്‍ഷിക ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കിയതിനെതിരെ എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരത്തെ രാജ്യസഭയില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറങ്ങിപോയിരിരുന്നു. ഇതിനുപിന്നാലെയാണ് ലോക്സഭാ സമ്മേളനവും ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങിപ്പോയത്. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പില്‍ യോഗം ചേര്‍ന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

പ്രതിഷേധം വകവക്കാതെ മോദി സര്‍ക്കാര്‍ പാസാക്കി കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതിയെ കാണാന്‍ ശ്രമിച്ച പ്രതിപക്ഷാംഗങ്ങളെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചതായി പരാതി. സഭാ എംപിമാരെ സംസ്്‌പെന്റ് ചെയതതടക്കം കാര്യങ്ങള്‍ ബോധിപ്പിക്കാനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍പോയ തങ്ങളെ ഡല്‍ഹി പൊലീസ് ഗുണ്ടകളെപ്പോലെയാണ് കൈകാര്യം ചെയ്തതെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു സുരക്ഷയുമില്ലാത്ത സാഹചര്യമാണ് ഡല്‍ഹിയിലെന്നും പ്രതിപക്ഷം പറഞ്ഞു.

ഇന്നത്തേക്ക് പിരിഞ്ഞ ലോക്‌ സഭാ നടപടികള്‍ ബുധനാഴ്ച വൈകീട്ട് ആറിന് ആരംഭിക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

അതേസമയം, പ്രതിപക്ഷ ബെഞ്ചുകള്‍ ശൂന്യമായിരിക്കെ കേന്ദ്രം രാജ്യസഭയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പാസാക്കിയെടുത്തത് അഞ്ച് ബില്ലുകള്‍. എട്ട് എംപിമാരുടെ സസ്പെഷന്‍ഷന് ഇടയാക്കിയ നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ സഭക്ക് പുറത്തും അകത്തും പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കിയെടുത്ത്. കാര്‍ഷക പ്രതിഷേധം ശക്തമാവുന്നതിനിടെ ഇതിനകം, മൂന്നാമത്തെ കാര്‍ഷിക ബില്ലടക്കം അഞ്ച് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാജ്യസഭ പാസാക്കിയെടുത്തത്. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി സഭക്ക് പുറത്തായിരിക്കെ ശബ്ദ വോട്ടിലാണ് ബില്ലുകള്‍ രാജ്യസഭ കടന്നത്.

നിലവില്‍ പാസായ ബില്ലുകളില്‍ രാജ്യത്ത് കര്‍ഷകരും സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ സഭക്ക് പുറത്ത് പ്രതിഷേധവുമായി നില്‍ക്കെയാണ് മൂന്നാമത്തെ കാര്‍ഷിക ബില്ലും മോദി സര്‍ക്കാര്‍ പാസാക്കിയെടുത്തത്. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണകള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ബില്ലാണ് അവശ്യവസ്തു ഭേദഗതി ബില്‍ 2020.

ഇതുള്‍പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയിട്ടുള്ളതിനാല്‍ രാജ്യസഭയില്‍ കൂടി പാസാകുന്നതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പു വച്ചാല്‍ ബില്‍ നിയമമാകും. ബില്ലുകല്‍ പാസാക്കുന്നതില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് വീണ്ടും സമാന രീതിയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തത്.