വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ പാമ്പു കടിയേറ്റ് നടി മരിച്ചു. നടി കാളിദാസി മൊണ്ഡലാണ് മരിച്ചത്. പശ്ചിമബംഗാളില്‍ ജത്ര എന്ന കലാരൂപം അവതരിപ്പിക്കുന്നതിനിടെയാണ് നടിക്ക് ദാരുണാന്ത്യം സംഭവിച്ചത്. വേദിയില്‍ മനാഷ അഥവാ നാഗകന്യകയായി വേഷമവതരിപ്പിക്കുകയായിരുന്നു കാളിദാസി. കൈയില്‍ പിടിച്ചിരുന്ന പാമ്പ് നടിയെ ആക്രമിക്കുകയായിരുന്നു. സംഭവം പുറത്ത് അറിയാതിരിക്കുന്നതിന് ഒപ്പമുള്ളവര്‍ നടിയെ ആസ്പത്രിയിലെത്തിക്കാതെ മന്ത്രവാദിയെ വിളിച്ചുവരുത്തി ചികിത്സിക്കാന്‍ ശ്രമിച്ചു. നടിയുടെ നില വഷളായപ്പോള്‍ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. നാലു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് നടിയെ ആസ്പത്രിയിലെത്തിച്ചത്. ചികിത്സ വൈകിയതാണ് നടിയുടെ മരണത്തിന് കാരണമായതെന്ന് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പരിപാടി അവതരിപ്പിച്ച മറ്റു അഭിനേതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പാമ്പുകളെ ഉപയോഗിച്ച് ഇത്തരം കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് സംഭവം മറച്ചുവെക്കാന്‍ സംഘാടകരും അഭിനേതാക്കളും ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.