ന്യൂഡല്‍ഹി: ഉഭയകക്ഷി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും ഇറാനും തമ്മില്‍ ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി നടത്തിയ കൂടികാഴ്ചയിലാണ് കരാറുകളില്‍ ഒപ്പിട്ടത്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഹസന്‍ റുഹാനി രാജ്ഭവനിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി റാം നാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തി.

ഇറാനുമായി വാണിജ്യ, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് മോദി ഇറാനെ അറിയിച്ചു. വാണിജ്യം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷമായതായി വിദേശകാര്യ വക്താവ് രവീശ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഭീകരവാദം, മയക്കു മരുന്നു കടത്ത് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി സംയുക്ത സംയുക്ത പത്ര സമ്മേളനത്തില്‍ മോജി പറഞ്ഞു.

തീവ്രവാദത്തേയും ഭീകരവാദത്തേയും എതിര്‍ക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് റൂഹാനിയും അറിയിച്ചു. മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെയും രാഷ്ട്രീയ നീക്കങ്ങളിലൂടെയും മാത്രമേ പരിഹരിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നയതന്ത്ര പ്രാധാന്യമുള്ള ചബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനായി ഇറാന്‍ ഇന്ത്യക്ക് നല്‍കിയ അവസരത്തെ മോദി അഭിനന്ദിച്ചു. ഇരട്ട നികുതി ഒഴിവാക്കല്‍, കുറ്റവാളികളെ പരസ്പരം കൈമാറല്‍, വിസാ ചട്ടം ലഘൂകരിക്കല്‍ തുടങ്ങിയവയാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറില്‍ പ്രധാനം.