X

ഇറാഖ് സേന മൊസൂളിലേക്ക്

ബഗ്ദാദ്: ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികളുടെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് ഭരണകൂടം സൈനിക നടപടി തുടങ്ങി. കുര്‍ദിഷ് പോരാളികളുടെയും സഖ്യസേനകളുടെയും സഹായത്തോടെയാണ് ഇറാഖ് സേന മൊസൂള്‍ ലക്ഷ്യമിട്ട് നീങ്ങുന്നത്. ടാങ്കുകളും കവചിത വാഹനങ്ങളും നഗരത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. കുര്‍ദിഷ് പോരാളികള്‍ മൊസൂളിനുനേരെ കനത്ത ഷെല്ലാക്രമണം തുടങ്ങിയിട്ടുണ്ട്. നഗരത്തിനു ചുറ്റുമുള്ള നിരവധി ഗ്രാമങ്ങള്‍ സൈന്യത്തിന്റെ അധീനതയില്‍ വന്നുകഴിഞ്ഞു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള യു.എസ് സഖ്യസേന വ്യോമാക്രമണത്തിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഏറെ സങ്കീര്‍ണമായ നടപടിക്കാണ് തുടക്കംകുറിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. വിജയത്തിന്റെ മണിക്കൂറാണ് വരാനിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഹൈദല്‍ അല്‍ അബാദി രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. മൊസൂളിന്റെ മോചനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പോരാടുമെന്ന് അദ്ദേഹം അറിയിച്ചു. 30,000 സര്‍ക്കാര്‍ അുകൂല സൈനികര്‍ നടപടിയില്‍ പങ്കെടുക്കുന്നുണ്ട്. സഹായികളായി സുന്നി, ശിയാ പോരാളികളും രംഗത്തുണ്ട്. അമേരിക്കന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഉദ്യോഗസ്ഥരാണ് സൈനികര്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുന്നത്. നഗരത്തിന്റെ അതിര്‍ത്തിയില്‍ എണ്ണായിരത്തോളം തീവ്രവാദികളെ ഐ.എസ് അണിനിരത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കനത്ത പോരാട്ടം ആസന്നമായിരിക്കെ നഗരത്തിലെ 15 ലക്ഷം സാധാരണക്കാരുടെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ആശങ്കപ്രകടിപ്പിച്ചു. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറി സ്റ്റെഫാന്‍ ഒബ്രിയന്‍ ഇറാഖ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ആക്രമണം തുടങ്ങുന്നതോടെ കൂട്ടപലായനത്തിന് സാധ്യതയുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ഐ.എസ് തീവ്രവാദികള്‍ തങ്ങളെ മനുഷ്യകവചമാക്കി ഉപയോഗിക്കുമോ എന്നും നഗരവാസികള്‍ക്ക് ഭയമുണ്ട്. ജനങ്ങള്‍ പുറത്തുപോകുന്നത് തീവ്രവാദികള്‍ കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിനവേ പ്രവിശ്യയുടെ എണ്ണ സമ്പന്ന തലസ്ഥാനമായ മൊസൂള്‍ നഗരം 2014 ജൂണിലാണ് ഐ.എസ് പിടിച്ചടക്കിയത്. ഐ.എസിന്റെ ശക്തി ലോകം അറിഞ്ഞുതുടങ്ങിയതു തന്നെ ഇതോടെയാണ്. ഇറാഖിന്റെയും സിറിയയുടെയും ഏതാനും ഭാഗങ്ങള്‍ ചേര്‍ത്ത് ഐ.എസ് മേധാവി അബൂബകര്‍ അല്‍ ബഗ്ദാദി ‘ഖിലാഫത്ത്’ പ്രഖ്യാപനം നടത്തിയത് മൊസൂളില്‍ വെച്ചായിരുന്നു. പല ഘട്ടങ്ങളായാണ് മൊസൂളിനെ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന ശ്രമിക്കുന്നത്. ഐ.എസിന്റെ ശക്തികേന്ദ്രങ്ങളെ കരുതലോടെ മാത്രമേ സമീപിക്കൂ. അതോടൊപ്പം നഗത്തില്‍ കുടുങ്ങിയവര്‍ക്ക് സഹായമെത്തിക്കാനും ശ്രമിക്കും.

chandrika: